ബാക്കു: നാടകീയവും ശ്രമകരവുമായ നീക്കങ്ങൾക്കൊടുവിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ ദുർബലരാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ടിന് യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ പച്ചക്കൊടി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾ തടയാനും നേരിടാനും വികസ്വര രാജ്യങ്ങൾക്ക് 25000 കോടി ഡോളർ) നൽകാനുള്ള കരാർ സമ്പന്ന രാജ്യങ്ങൾ അംഗീകരിച്ചു. 1.3 ലക്ഷം കോടി ഡോളർ നൽകണമെന്ന കഴിഞ്ഞ മൂന്നുവർഷമായുള്ള വികസ്വര രാജ്യങ്ങളുടെ ആവശ്യമാണ് നിരസിക്കപ്പെട്ടത്.
അസർബൈജാനിലെ ബാക്കുവിൽ നടന്ന ‘കോപ് 29’ലെ അന്തിമവട്ട ചർച്ചകൾ കലുഷിതമായതിനെ തുടർന്ന് 33 മണിക്കൂർ വൈകിയാണ് കരാറിൽ തീരുമാനമായത്. അതേസമയം, ഫോസിൽ ഇന്ധന ഉപയോഗത്തിൽനിന്നുള്ള മാറ്റം ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞവർഷം പാസാക്കിയ ഉടമ്പടിക്കുമേലുള്ള ചർച്ചകൾ പരാജയപ്പെട്ടു. അടുത്ത കാലാവസ്ഥാ സമ്മേളന ചർച്ച വരെ ആ തീരുമാനം മാറ്റിവെച്ചു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളായ വികസ്വര രാജ്യങ്ങൾ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയി. ഒടുവിൽ ചെറിയ മാറ്റത്തിരുത്തലുകളോടെ കരാർ പാസായി. ചരിത്രപരമായി കാലാവസ്ഥ പ്രതിസന്ധിക്ക് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയിട്ടുള്ളവരാണ് ദരിദ്ര രാജ്യങ്ങൾ.
എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന് നിലവിൽ ലഭ്യമായ ഫണ്ടിന്റെ 40 ശതമാനം മാത്രമേ അവർക്കായി ചെലവഴിച്ചിട്ടുള്ളൂ. സമ്പന്ന രാജ്യങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്ത സഹായ ഫണ്ടും അപര്യാപ്തമാണെന്ന് നേതാക്കൾ ചൂണ്ടിക്കാണിച്ചു.