വാഷിങ്ടൺ: ബന്ദികളെ മുഴുവൻ മോചിപ്പിക്കാൻ ഹമാസ് തയാറായിട്ടും ആക്രമണം അവസാനിപ്പിക്കില്ലെന്നും സേനയെ പിൻവലിക്കില്ലെന്നുമുള്ള ഇസ്രായേൽ പ്രസിഡന്റ് ബിന്യമിൻ നെതന്യാഹുവിന്റെ കടുംപിടിത്തമാണ് ഗസ്സ വെടിനിർത്തൽ ചർച്ചകൾ മുടക്കിയതെന്ന് റിപ്പോർട്ട്.
വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തറിന്റെയും ഈജിപ്തിന്റെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുറച്ചു ബന്ദികളെ വിട്ടയച്ച് താൽക്കാലിക വെടിനിർത്തൽ എന്ന നിർദേശം ഹമാസ് തള്ളിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ ആക്രമണം പൂർണമായും അവസാനിപ്പിക്കാത്ത ഒരു ഉടമ്പടിക്കും ഹമാസ് തയാറായിരുന്നില്ല.
ആക്രമണം പൂർണമായും അവസാനിപ്പിച്ച് സേന പിന്മാറണമെന്ന ഹമാസിന്റെ ആവശ്യത്തെ മധ്യസ്ഥർ അനുകൂലിച്ചിരുന്നു. സമാന നിലപാടായിരുന്നു യു.എസിനും. ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്നത് യു.എസ് അംഗീകരിക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കിയിരുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സ ആക്രമണം വിജയമാണെന്ന അവകാശവാദം പൊളിയുമെന്ന വിലയിരുത്തലാണ് സേനയെ പിൻവലിക്കാൻ നെതന്യാഹു വിസമ്മതിക്കാൻ കാരണമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു.