ജോര്‍ജ് കറുത്തേടത്ത്
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ സമര്‍പ്പണ കൂദാശാകര്‍മ്മം 2024 നവംബര്‍ 29,30 (വെള്ളി, ശനി) തീയതികളിലായി ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.
സത്യ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, പ. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള സ്‌നേഹവും വിധേയത്വവും നിലനിര്‍ത്തിക്കൊണ്ട്, തങ്ങള്‍ക്ക് ആരാധിക്കുവാന്‍ സ്വന്തമായി ഒരു ദേവാലയമുണ്ടാകണമെന്ന ചിരകാല അഭിലാഷം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങളേവരും. ഇടവകയിലും സമീപ ഇടവകകളിലുമുള്ള വിശ്വാസികളുടെ തീക്ഷ്ണമായ പരിശ്രമത്തിന്റേയും, കഠിനാധ്വാനത്തിന്റേയും, ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശികളായ ബഹു. വൈദീകരുടെ ഉപദേശത്തിന്റേയും, ഭദ്രാസന മെത്രാപ്പോലീത്തയുടെ ദീര്‍ഘവീക്ഷണത്തിന്റേയും പരിണിത ഫലമാണ്, ബസേലിയോസ് ബാവായുടെ നാമത്തില്‍ സ്ഥാപിതമാകുന്ന ഈ വിശുദ്ധ ദേവലയം.
ഹൂസ്റ്റണന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ അര്‍ക്കോള സിറ്റിയില്‍ പോസ്റ്റ് റോഡില്‍, ഹൈവേ 6-നും ഹൈവേ 288-നും 5 മിനിറ്റില്‍ കുറഞ്ഞ ദൂരത്തായി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിസ്സോറി സിറ്റിയുടേയും പിയര്‍ലാന്‍ഡിന്റേയും അടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് മനോഹരമായ ഈ ദേവാലയം പണികഴിപ്പിച്ചിട്ടുള്ളത്.
29-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ദേവാലയത്തിലെ വി. കുര്‍ബാനയ്ക്ക് തുടക്കംകുറിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വി. മൂറോന്‍ അഭിഷേക ശുശ്രൂഷയില്‍ വന്ദ്യ വൈദീക ശ്രേഷ്ഠരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും. 30-ാം തീയതി ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും അതേ തുടര്‍ന്ന് ആദ്യ ബലിയര്‍പ്പണവും നടക്കും. തുടര്‍ന്ന് ചേരുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ ആശംസകള്‍ നേരും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ. ബിജോ മാത്യു, കോശി തോമസ് (വൈസ് പ്രസിഡന്റ്), സിമി ജോസഫ് (സെക്രട്ടറി), ജോണി വര്‍ഗീസ് (ട്രഷറര്‍), വിബിന്‍ മാത്യു (ജോ. സെക്രട്ടറി), ഷാജി അബ്രഹാം (ജോ. ട്രഷറര്‍), ജയ്‌സണ്‍ പി.കെ, ഷാജി വര്‍ഗീസ്, തോംസണ്‍ തോമസ് (കമ്മിറ്റി മെമ്പേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
ഈ പരിശുദ്ധ ദേവാലയത്തിന്റെ ഏടുകളില്‍, ഒരു നാഴ്ികക്കല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യ ചടങ്ങില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളേയും കതൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.