ന്യൂഡൽഹി: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ.സുരേന്ദ്രൻ രാജിസന്നദ്ധ അറിയിച്ചെന്ന വാർത്ത തള്ളി കേന്ദ്രനേതൃത്വം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണത്താല്‍ ആരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാജി വെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. യു.ഡി.എഫും എല്‍.ഡി.എഫും വ്യാജപ്രചരണം നടത്തുന്നുവെന്നും 2026-ല്‍ ബി.ജെ.പി പാലക്കാട് അടക്കം നിരവധി സീറ്റുകളിൽ വിജയിക്കുമെന്നും ജാവഡേക്കർ പ്രതികരിച്ചു.
അതിനിടെ പാലക്കാട്ടെ തോല്‍വി ബി.ജെ.പി കൗണ്‍സിലര്‍മാരുടെ തലയില്‍വെക്കേണ്ടെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന് പ്രതികരിച്ചു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും ശിവരാജന് ആവശ്യപ്പെട്ടു.