Tuesday, December 24, 2024

HomeMain Storyഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ രക്തച്ചൊരിച്ചില്‍

ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് ഇസ്ലാമാബാദില്‍ രക്തച്ചൊരിച്ചില്‍

spot_img
spot_img

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി മാറിയതിന് പിന്നാലെ അര്‍ധരാത്രിയില്‍ റെയ്ഡുമായി പാകിസ്താന്‍ സര്‍ക്കാരിന്റെ നടപടി. നിരവധി പ്രതിഷേധക്കാരെ ചൊവ്വാഴ്ച രാത്രി പാകിസ്താന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാരെ ഒഴിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാരും പറയുന്നു. ചൊവ്വാഴ്ച ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അനുയായികള്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഈ സംഘര്‍ഷത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പിടിഐ അനുഭാവികളും കൊല്ലപ്പെട്ടതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പിടിഐ അനുഭാവികള്‍ ഇമ്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കുപടിഞ്ഞാറ് നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ ഞായറാഴ്ച മുതല്‍ ഇസ്ലാമാബാദില്‍ സംഘര്‍ഷം പുകയുകയാണ്. ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി അലി അമിന്‍ ഗന്ധാപൂരിന്റെ നേതൃത്വത്തില്‍ പിടിഐ റാലി ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ പ്രവേശിച്ചതോടെ, ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള സുപ്രധാനമായ ‘ഡു-ഓര്‍-ഡൈ’ പ്രതിഷേധത്തിന് തുടക്കമായി.

ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ 150 ലധികം ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നു, ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് പിടിഐ ആരോപിക്കുന്നു. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയും പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇമ്രാന്‍ ഖാനെ മോചിപ്പിക്കുന്നതുവരെ ഇവിടെ തങ്ങുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ മരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനൊപ്പം വെള്ളിയാഴ്ച മുതല്‍ 4000-ത്തിലധികം പിടിഐ അനുഭാവികളെ അറസ്റ്റ് ചെയ്തു. പിടിഐ പ്രധാനമായും ആശ്രയിക്കുന്ന വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളെ ഇത് ഗുരുതരമായി ബാധിച്ചു. വിപിഎന്‍ ഉപയോഗിച്ചിട്ടും എക്സ് (മുമ്പ് ട്വിറ്റര്‍) പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം തടഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച, ഒരു കോടതി ഇസ്ലാമാബാദില്‍ പൊതു റാലികള്‍ നിരോധിച്ചിരുന്നു. കണ്ടെയ്നര്‍ ലോറികള്‍ കൊണ്ട് ഉപയോഗിച്ച് തലസ്ഥാനത്തേക്കുള്ള പ്രധാന റോഡുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധങ്ങള്‍ പാകിസ്താനിലെ സാമ്പത്തിക സ്ഥിതിയും കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം നിക്ഷേപകര്‍ ആശങ്കപ്പെട്ടതിന്റെ ഫലമായി പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചിന് ചൊവ്വാഴ്ച 1.7 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments