ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ ഈ നീക്കം സഹായിക്കുമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. ഇത് സംഘർഷം കുറയ്ക്കാനും മേഖലയിൽ സമാധാനം സൃഷ്ടിക്കുവാനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ കൂട്ടിച്ചേർത്തു
“ഇസ്രായേലും ലെബനനും പ്രഖ്യാപിച്ച വെടിനിർത്തലിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സംഘർഷം കുറയ്ക്കാനും സംയമനം പാലിക്കാനും സംഭാഷണത്തിൻ്റെയും നയതന്ത്രത്തിൻ്റെയും പാതയിലേക്ക് തിരിച്ചുവരാൻ ഞങ്ങൾ എല്ലായ്‌പ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ നീക്കം വിശാലമായ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും വഴിയൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.
ലെബനനിൽ ബുധനാഴ്ച പുലർച്ചെ നാലിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്നു. യു.എസും ഫ്രാൻസും മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽക്കരാറിന് ചൊവ്വാഴ്ച ഇസ്രയേൽ സുരക്ഷാമന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് പ്രാഭല്യത്തിൽ വന്നത്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഇരുപക്ഷത്തുനിന്നും ആക്രമണങ്ങളോ പ്രകോപനമോ ഒന്നും തന്നെ റിപ്പോർട്ടുചെയ്തിട്ടില്ല. ആക്രമണം കാരണം മേഖലയിൽ നിന്നും പോയ ലെബനൻകാർ നാട്ടിലേക്ക് മടങ്ങിയെത്തിത്തുടങ്ങി.
അതേസമയം ഹിസ്ബുള്ള കരാർ ലംഘിക്കുകയാണെങ്കിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. കരാർ അംഗീകരിച്ചെങ്കിലും ഗാസയിലെ പോരാട്ടം നിലയ്ക്കാത്തിടത്തോളം തങ്ങൾ പിന്മാറില്ലെന്നും ഹിസ്ബുള്ള വ്യക്തമാക്കി. കരാർ പ്രഖ്യാപനത്തിനു തൊട്ടുമുൻപ് പരമാവധി ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേൽ ബയ്റുത്തിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. സംഭവത്തിൽ 42 പേർ കൊല്ലപ്പെട്ടു.