കാൻബെറ: ഓസ്ട്രേലിയയിൽ 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കി . ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്‌ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളാണ് ആസ്ട്രേലിയയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ നിരോധനമേർപ്പെടുത്തിയത്. ബിൽ ആസ്ട്രേലിയൻ ജനപ്രതിനിധി സഭ പാസാക്കി.നേരത്തേ ഇതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ആസ്ട്രേലിയൻ ഡോളർ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാർട്ടികൾ പിന്തുണച്ചു.
16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് നിരോധിക്കുന്ന ബിൽ ഓസ്ട്രേലിയയിലെ ജനപ്രതിനിധിസഭ ബുധനാഴ്ചയാണ് പാസാക്കിയത്. ബിൽ നിയമമാകുകയാണെങ്കിൽ, പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും.സെനറ്റിൽ സ്വകാര്യത സംരക്ഷിക്കുന്ന ഭേദഗതികൾ അംഗീകരിക്കാൻ സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാൻ ടെഹാൻ അറിയിച്ചു. സെനറ്റ് ബിൽ വിശദമായി പിന്നീട് ചർച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷൽ റോളണ്ട് പറഞ്ഞു.ബില്ലിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യൽ മീഡിയയുടെ പോസിറ്റീവ് വശങ്ങൾ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും വിമർശകർ വാദിക്കുന്നു.