ന്യൂഡൽഹി: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു അദ്ദേഹം 2025 ആദ്യം ഇന്ത്യയിൽ എത്തുമെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷ്കോവ് പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്റെ വരവോടെ ഇന്ത്യ-യുഎസ് ബന്ധങ്ങൾ പൂർവാധികം ശക്തമാകും എന്ന പ്രതീക്ഷയ്ക്കിടയിലാണ് എന്നും ഇന്ത്യയുടെ സുഹൃത്തായിരുന്ന റഷ്യയുടെ നേതാവിനെ മോദി ക്ഷണിച്ചത്.
“വർഷത്തിൽ ഒരിക്കൽ കണ്ടുമുട്ടാമെന്നു നേതാക്കൾ തമ്മിലൊരു ധാരണയുണ്ട്,” ഉഷ്കോവ് മാധ്യമങ്ങളോടു പറഞ്ഞു. “ഇക്കുറി ഞങ്ങളുടെ ഊഴമാണ്. മോദിയിൽ നിന്നു ക്ഷണം ലഭിച്ചു. സന്ദർശനത്തിനു തീയതികൾ നോക്കിക്കൊണ്ടിരിക്കയാണ്. എന്തായാലും അടുത്ത വർഷം ആദ്യം ഉണ്ടാവും.”
പ്രതിരോധം, ഊർജം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതാവും ഇരു രാജ്യങ്ങളും തമ്മിലുളള ചർച്ചകളിൽ പ്രധാന വിഷയം.
ഇന്ത്യ-റഷ്യ 21-ാം ഉച്ചകോടിക്കു 2021 ഡിസംബർ 6നാണു പുട്ടിൻ അവസാനമായി ഇന്ത്യയിൽ എത്തിയത്. മോദി ഈ വർഷം രണ്ടു തവണ റഷ്യ സന്ദർശിച്ചിരുന്നു. ജൂലൈയിൽ 22-ാം ഉച്ചകോടിക്കും ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടിക്കും. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ തയാറാണെന്നു മോദി അന്നു പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ലോക ശ്രദ്ധ വീണ്ടും പതിയുന്ന നേരമാണിത്. ട്രംപിന്റെ വരവോടെ നിർണായക നീക്കങ്ങൾ പ്രതീക്ഷിക്കുന്നു.