സൊഫിയ: പുതുവര്‍ഷത്തിലേക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ ലോകത്തെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ബള്‍ഗേറിയന്‍ യോഗി ബാബ വാന്‍ക. പെന്‍റഗണ്‍ ആക്രമണവും ഡയാന രാജകുമാരിയുടെ മരണവുമെല്ലാം ബാബ വാന്‍ക മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നാണ് വിശ്വാസികള്‍ അവകാശവാദം. അതുകൊണ്ട് തന്നെ പ്രവചനങ്ങളെ അതീവ കൗതുകത്തോടെയും അല്‍പം ഭയത്തോടെയുമാണ് ബാബുയുടെ അനുയായികള്‍ കാണുന്നത്.
യൂറോപ്പ് തകരും! കേള്‍ക്കുമ്പോള്‍ തന്നെ ഒരു അങ്കലാപ്പ് തോന്നുന്നില്ലേ? മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നൊരു കാലത്താമ് യൂറോപ്പ് തകരുമെന്ന പ്രവചനം വാന്‍ക നടത്തുന്നത്. ആഭ്യന്തര സ്പര്‍ധയാകും യൂറോപ്പിന്‍റെ നാശത്തിന് കാരണമാവുകയെന്നാണ് പ്രവചനം. കലഹം രൂക്ഷമാകുന്നതോടെ ജനസംഖ്യ കുറയും, ക്രമേണെ നാട് നശിക്കുമെന്നും ബാബ വാന്‍ക പറയുന്നു.
കാന്‍സറുള്‍പ്പടെയുള്ള മാരക രോഗങ്ങളെ ഭേദമാക്കാന്‍ പാകത്തിന് വൈദ്യശാസ്ത്രം വളരുമെന്നും ശാസ്ത്രമേഖലയിലും ലോകം നിര്‍ണായക നേട്ടമുണ്ടാക്കുമെന്നും അവര്‍ പറയുന്നു. ആരോഗ്യമേഖലയിലെ വിപ്ലവകരമായ കണ്ടെത്തലുകള്‍ ആയുര്‍ദൈര്‍ഘ്യമേറ്റുമെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നുള്ള ശുഭവാര്‍ത്തയും 2025ല്‍ കാത്തിരിക്കുന്നുവെന്ന് ബാബ വ്യക്തമാക്കുന്നു. ആളുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ അദ്ഭുതകരമായ മാറ്റം സംഭവിക്കും. ഇത് വ്യക്തികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും പ്രവചനത്തിലുണ്ട്.
അന്യഗ്രഹജീവികളുണ്ടോ? ഭൂമിക്കപ്പുറം ജീവനുണ്ടോ എന്ന ചോദ്യം മനുഷ്യന്‍ ചോദിക്കാന്‍ തുടങ്ങിയിട്ടും ശാസ്ത്രം അന്വേഷിക്കാന്‍ തുടങ്ങിയിട്ടും കുറച്ചധികം കാലമായി. ആ ചോദ്യത്തിന് വരും വര്‍ഷം മറുപടി ലഭിക്കുമെന്നാണ് ബാബ വാന്‍ക മുത്തശ്ശി പറയുന്നത്. ഭൂമിക്കപ്പുറമുള്ള ജീവികളുമായി സംവദിക്കാന്‍ അവസരമൊരുങ്ങും. അന്യഗ്രഹ ജീവികളുള്‍പ്പടെയുള്ളവയുമായി മനുഷ്യന്‍ ബന്ധം സ്ഥാപിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് അവര്‍ പ്രവചിക്കുന്നു.
നല്ല കാര്യങ്ങള്‍ സംഭവിക്കുകയും അന്യഗ്രഹ ജീവികള്‍ വിരുന്നെത്തുകയുമെല്ലാം ചെയ്യുമെങ്കിലും, 2025 വരാനിരിക്കുന്ന മഹാ ദുരന്തത്തിന്‍റെ തുടക്കം കൂടിയാണെന്നും ബാബ പറയുന്നു. ലോകത്തെ താറുമാറാക്കുന്ന വലിയവിപത്താണ് കാത്തിരിക്കുന്നതെന്നും 113കാരിയെന്ന് അനുയായികള്‍ അവകാശപ്പെടുന്ന വാന്‍ക പ്രവചിക്കുന്നു. ജന്‍മനാ അന്ധയാണ് വാന്‍ക. കുട്ടിക്കാലത്തുണ്ടായ ചില വെളിപ്പാടുകളാണ് വാന്‍കയ്ക്ക് ദിവ്യ ശക്തി നല്‍കിയതെന്നും അതാണ് ഇത്തരം പ്രവചനങ്ങളുടെ അടിസ്ഥാനമെന്നും അനുയായികള്‍ പറയുന്നു.