ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ കമ്മീഷന്‍ ഓഫ് നാര്‍ക്കോട്ടിക് ഡ്രഗ്സിന്റെ അധ്യക്ഷ പദവിയിലേക്ക് ചരിത്രത്തിലാദ്യമായി ഇന്ത്യ. കമ്മീഷന്‍ ഓണ്‍ നാര്‍ക്കോട്ടിക് ഡ്രഗ്സിന്റെ (സിഎന്‍ഡി) 68-ാമത് ഉച്ചകോടിയില്‍ അധ്യക്ഷനായി ഇന്ത്യയെ തിരഞ്ഞെടുത്തതായി ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസി ഒരു പ്രസ്താവനയില്‍ അറിയിച്ചു. വിയന്നയിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശംഭു എസ് കുമാരന്‍ യു.എന്‍ ഫോറത്തിന്റെ അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റു.
ന്ത്യയെ സിഎന്‍ഡിയുടെ അധ്യക്ഷ പദവിയിലേക്ക് നിയമിക്കുന്നത് ഇതാദ്യമാണ്. ഇത് ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന നേതൃത്വപരമായ പങ്കിനെയും സ്ഥാപിതമായ ബഹുമുഖ സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുകയാണ്.
ആഗോള ചര്‍ച്ചകളില്‍ വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് രാജ്യം ഇക്കാര്യത്തില്‍ പ്രതീക്ഷ വെക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ (ഇക്കോസോക്ക്) ഫങ്ഷണല്‍ കമ്മീഷനുകളില്‍ ഒന്നാണ് സിഎന്‍ഡി. വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസിന്റെ (യുഎന്‍ഒഡിസി) ഗവേണിംഗ് ബോഡിയും ഇതാണ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ പ്രധാന നയരൂപീകരണ സ്ഥാപനമാണ് സിഎന്‍ഡി. ആഗോള മയക്കുമരുന്ന് പ്രവണതകള്‍ നിരീക്ഷിക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അംഗരാജ്യങ്ങളെ സഹായിക്കുക എന്നതാണ് പ്രധാന കര്‍ത്തവ്യം. മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതും സിഎന്‍ഡിയാണ്.
നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അതുമായി ബന്ധപ്പെട്ട സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങള്‍, മെഡിക്കല്‍, ശാസ്ത്രീയ ആവശ്യങ്ങള്‍ക്കായി അന്താരാഷ്ട്ര നിയന്ത്രിത വസ്തുക്കളുടെ ലഭ്യത എന്നിവ പോലുള്ള നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കി കൊണ്ടായിരിക്കും അടുത്ത വര്‍ഷം സിഎന്‍ഡി ഉച്ചകോടി നടക്കുന്നത്.