വത്തിക്കാന്‍: ചങ്ങനാശ്ശേരി അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പടെ 21 കര്‍ദ്ദിനാള്‍മാരുടെ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനില്‍ നടക്കും. രാജ്യത്ത് ഇതാദ്യമായാണ് ഒരു കത്തോലിക്ക വൈദികനെ മാര്‍പ്പാപ്പ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് നിയമിക്കുന്നതെന്ന പ്രത്യേകതയും മാര്‍ കൂവക്കാടിന്റെ സ്ഥാനലബ്ധിക്കുണ്ട്. ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്പ്പാപ്പയുടെയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘവും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് നിരവധി വൈദികരും, കന്യാസ്ത്രീകളും മെത്രാന്മാരും ആത്മായരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് കര്‍ദ്ദിനാള്‍മാരാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. മലയാളികളായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരും കര്‍ദ്ദിനാള്‍ പദവി വഹിക്കുന്നവരാണ്.
പുതുതായി 21 പേര് കൂടി മാര്‍പ്പാപ്പയുടെ കര്‍ദ്ദിനാള്‍ സംഘത്തില്‍ ചേരുന്നതോടെ 90 രാജ്യങ്ങളില്‍ നിന്നായി 253 പേരടങ്ങിയ പ്രതിനിധികളുടെ സംഘമാകും. ലോകം മുഴുവനുള്ള 150 കോടി കത്തോലിക്കാ വിശ്വാസികളുടെ തലവനായ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ അര്‍ഹതയുള്ള സംഘത്തിലേക്കാണ് മാര്‍ കൂവക്കാട് കൂടി നിയമിതനാകുന്നത്. കര്‍ദ്ദിനാള്‍ സംഘത്തിന്റെ ആകെ എണ്ണം 253 ആണെങ്കിലും 80 വയസില്‍ താഴെയുള്ള 140 കര്‍ദ്ദിനാള്‍മാര്‍ക്കാണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്.
മാര്‍പാപ്പയുടെ യാത്രകളുടെ മേല്‍നോട്ടം വഹിക്കുന്ന ചങ്ങനാശ്ശേരിക്കാരനായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റേത് അസാധാരണമായൊരു ജീവിതയാത്രയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ മിക്ക സ്ഥാന ലബ്ധികളിലും ഇത്തരം അസാധാരണത്വം കാണാന്‍ കഴിയും. കേരളത്തിലെ കത്തോലിക്ക സഭയില്‍ നിന്നാദ്യമായാണ് ഒരു വൈദികന് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്. 1999ല്‍ വളരെ യാദൃഛികമായിട്ടാണ് കൂവക്കാടിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ റോമിലേക്ക് അയക്കുന്നത്.
വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാട് 2021 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ്. അള്‍ജീരിയ, കൊറിയ, ഇറാന്, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ പ്രതിനിധി കേന്ദ്രങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. 2004 ജൂലൈ 24നാണ് വൈദികപട്ടം നേടിയത്. വൈദിക സ്ഥാനത്ത് നിന്ന് മാര്‍പ്പാപ്പ നേരിട്ടാണ് ജോര്‍ജ് കൂവക്കാടിനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതെന്ന അപൂര്‍വത ചരിത്രത്തിന്റെ ഭാഗമായി നിലനില്ക്കും.
വത്തിക്കാനില്‍ നിന്നുള്ള ഈ ഉത്തരവ് വന്ന ശേഷം ഇക്കഴിഞ്ഞ നവമ്പര്‍ 25നാണ് അദ്ദേഹത്തെ മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.1973 ഓഗസ്റ്റ് 11ന് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയില്‍ കൂവക്കാട് ജേക്കബ് വര്‍ഗീസ് ത്രേസ്യാമ്മ ദമ്പതികളുടെ മകനായാണ് ജനനം. നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രായം കുറഞ്ഞ കര്‍ദിനാളാണ് 51കാരനായ മോണ്‍. കൂവക്കാട്.
വത്തിക്കാനിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹത്തെ 2004 ല്‍ ചങ്ങനാശേരി അതിരൂപത വൈദികനായി നിയമിച്ചു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വീണ്ടും വത്തിക്കാനിലെത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനില്‍ നയതന്ത്ര സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
സാധാരണ ഗതിയില്‍ മെത്രാന്മാരെയാണ് കര്‍ദിനാളായി വാഴിക്കുന്നത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വൈദികനായ കൂവക്കാടിനെ സഭയുടെ രാജകുമാരന് എന്ന് വിളിക്കുന്ന കര്‍ദ്ദിനാള്‍ പദവിയിലേക്ക് നേരിട്ട് നിയമിക്കുകയായിരുന്നു. ഇത് അത്യപൂര്‍വമായ നടപടിയാണ്.