ഡമാസ്കസ്: സിറിയയില്‍ ബഷാര്‍ അല്‍ അസാദിനേറ്റ തിരിച്ചടി ഇന്ത്യക്ക് വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ഐ.എസ്.ഐ.എസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് ബഷാര്‍ അല്‍ അസാദിന്റെ പതനം വഴിതുറക്കുമോ എന്നതാണ് ഇന്ത്യയുടെ എറ്ററും പ്രധാന ആശങ്ക. ഐസിസ് ഉള്‍പ്പെടെയുള്ള ഇത്തരം ഗ്രൂപ്പുകളുടെ പുനരുജ്ജീവനം ഇന്ത്യക്ക് നേരിട്ടുള്ള സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ ഇന്ത്യയുമായി മികച്ച ബന്ധം നിലനിര്‍ത്താനായിരുന്നു സിറിയ ആഗ്രഹിച്ചിരുന്നത്. 54 വര്‍ഷം മുമ്പ് ഹഫീസ് അല്‍ അസാദ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ശേഷവും ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നീട് അധികാരത്തില്‍ എത്തിയ ഹഫീസിന്റെ മകന് ബഷാറുമായി ഇന്ത്യ നല്ല സൗഹൃദം തുടര്‍ന്നിരുന്നു. ഇന്ത്യയും സിറിയയും ഏഴു വര്‍ഷം മുമ്പ് നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കി.
ഡമാസ്കസിലെ ചരിത്രപ്രസിദ്ധമായ ഉമ്മയാദ് സ്ക്വയറിലെ ഒരു തെരുവിന് ‘ജവഹര്‍ലാല്‍ നെഹ്റു സ്ട്രീറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇങ്ങനെയാണ് ഇന്ത്യയോടുള്ള ആദരവ് ബഷാര്‍ അല്‍ അസാദിന്റെ കാലത്ത് സിറിയ പ്രകടിപ്പിച്ചത്. അസാദിന്റെ പലായനത്തിലൂടെ ഇന്ത്യ -സിറിയ ബന്ധത്തിന്റെ ഭാവി എന്തെന്ന ചോദ്യമാണ് ഉയരുന്നത്.
1957-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അമേരിക്കയിലേക്കുള്ള യാത്രാമധ്യേ സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ താല്‍ക്കാലികമായി വിമാനം ഇറങ്ങിയിരുന്നു. അന്നത്തെ സിറിയന്‍ പ്രസിഡന്റ് അല്‍ ഖുവാത്ലി നേരിട്ട് വിമാനത്താവളത്തിലെത്തി നെഹ്രുവിനോടും ഇന്ത്യയോടും ആദരവ് പ്രകടിപ്പിച്ചു. പിന്നീട് അസാദുകളുടെ ഭരണത്തില്‍ ഇന്ത്യയുമായുള്ള ബന്ധം വളര്‍ന്നു.
ഇന്ത്യയുടെ നിലപാടുകളെയെല്ലാം സിറിയ വലിയ രീതിയില്‍ പിന്തുണച്ചു. കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ ഇന്ത്യക്ക് പൂര്‍ണ പിന്തുണയാണ് മുസ്ലിം ഭൂരിപക്ഷ രാജ്യം നല്‍കിയിരുന്നത്. പല ഇസ്ലാമിക രാഷ്ട്രങ്ങളും കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടിന് ചുറ്റും അണിനിരന്നപ്പോള്‍ ഇന്ത്യയുടെ പരമാധികാരത്തിന് പിന്തുണ നല്കിയ സിറിയ പലപ്പോഴും വേറിട്ട ശബ്ദമായി മാറി.
-2019-ല്‍ ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചപ്പോഴും സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സിറിയ അനുകൂലിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന് വിശേഷിപ്പിച്ച് സിറിയയുടെ പ്രതിനിധിയായിരുന്ന റിയാദ് അബ്ബാസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ”എല്ലാ സര്‍ക്കാരുകള്‍ക്കും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനായി, അവരുടെ ഭൂമിയില്‍ അവര്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാന്‍ അവകാശമുണ്ട്. ഇന്ത്യയുടെ ഏത് നടപടിക്കൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും…” എന്നായിരുന്നു സിറിയയുടെ നിലപാട്. ഇങ്ങനെ ഇന്ത്യയെ പരിപൂര്‍ണമായും പിന്തുണച്ച ഒരു ഭരണകൂടത്തിന്റെ പതനത്തെ ആശങ്കയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നത്.
തിരിച്ചും സിറിയയേയും ഇന്ത്യ പലഘട്ടത്തിലും അനുകൂലിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ കൈവശമുള്ള ഗോലാന്‍ കുന്നുകളെക്കുറിച്ചുള്ള അവകാശവാദങ്ങളെ ഇന്ത്യ ചരിത്രപരമായി പിന്തുണച്ചിട്ടുണ്ട്. 2010ല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഡമാസ്കസ് സന്ദര്‍ശിച്ച് ആ നിലപാട് ആവര്‍ത്തിച്ചിരുന്നു. സമാധാനപരമായി ഗോലാന്‍ കുന്നുകള്‍ സിറിയുടെ ഭാഗമാക്കുന്നതിന് എല്ലാ പിന്തുണയും അന്ന് പ്രതിഭാ പാട്ടീല്‍ നല്‍കിയിരുന്നു.
അടല്‍ ബിഹാരി വാജ്പേയ്, ഡോ. മന്മോഹന് സിംഗ് സര്‍ക്കാരുകളുടെ കാലത്ത് മികച്ച ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്നത്. 2023 ല്‍ സിറിയ സന്ദര്‍ശിച്ച വാജ്പേയ് വ്യവസായ-വിദ്യാഭ്യാസ കരാറുകള്‍ ഒപ്പിടുകയും ചെയ്തിരുന്നു. 2008-ല്‍ ബഷാര്‍ അല്‍ അസാദും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ബഷാറുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന ചര്‍ച്ചകളും നടത്തിയിരുന്നു.