Sunday, April 20, 2025

HomeMain Story‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബിൽ ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബിൽ ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

spot_img
spot_img

ന്യൂഡൽഹി: സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുദ്ദേശിച്ചുള്ള ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ ബിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയെ കുറിച്ച് പഠിച്ച റാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. വിശദമായ ചർച്ചക്ക് ബിൽ സംയുക്ത പാർലമെന്‍ററി കമ്മറ്റിക്ക് (ജെ.പി.സി) വിടാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ.പി.സി ചർച്ച നടത്തും. രാജ്യത്തെ പ്രമുഖ വ്യക്തികളിൽനിന്നും എല്ലാ സംസ്ഥാന നിയമസഭകളിലെയും സ്പീക്കർമാരിൽനിന്നും അഭിപ്രായം തേടും. കരട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുകയും അഭിപ്രായം സ്വീകരിക്കുകയും ചെയ്യും. എല്ലാ കക്ഷികളുമായും സമവായത്തിൽ എത്താതെ നിലവിലെ തെരഞ്ഞെടുപ്പ് സംവിധാനം മാറ്റുന്നത് സർക്കാറിന് വെല്ലുവിളിയാകും.

പദ്ധതി നടപ്പിലാക്കുമ്പോൾ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും അവതരിപ്പിക്കേണ്ടിവരും. പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ബിൽ പാസാക്കാനാകൂ. പാർലമെന്‍റിന്‍റെ ഇരുസഭകളിലും എൻ.ഡി.എക്ക് കേവലഭൂരിപക്ഷം ഉണ്ടെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുകയെന്നത് എളുപ്പമാകില്ല.

രാജ്യസഭയിലെ 245 സീറ്റുകളിൽ എൻ.ഡി.എക്ക് 112ഉം പ്രതിപക്ഷ പാർട്ടികൾക്ക് 85ഉം സീറ്റുകളാണുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 വോട്ടെങ്കിലും വേണം. ലോക്‌സഭയിൽ 545ൽ 292 സീറ്റുകളാണ് എൻ.ഡി.എക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം 364 ആണ്. ഹാജരായ അംഗങ്ങളുടെയും വോട്ടിങ്ങിന്‍റെയും അടിസ്ഥാനത്തിലാണ് ഭൂരിപക്ഷം കണക്കാക്കുക.

സമയവും പണവും അധ്വാനവും കൂടുതൽ വേണ്ടതാണ് നിലവിലെ തെരഞ്ഞെടുപ്പ് സംവിധാനം എന്ന് വാദിച്ചാണ് കേന്ദ്രം പുതിയ പദ്ധതിയുമായി രംഗത്തുവന്നത്. എന്നാൽ ഈ ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments