തിരുവനന്തപുരം: സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം നടത്താന്‍ റോഡ് അടച്ച് സ്റ്റേജ് കെട്ടിയ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകളെ ലംഘിച്ച് റോഡ് അടച്ചത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇങ്ങനെ ചെയ്യാന്‍ ആരാണ് അനുമതി നല്‍കിയത്. പൊതുസമ്മേളനത്തില്‍ അടക്കം ആരൊക്കെ പങ്കെടുത്തു. യോഗത്തിന് എവിടെ നിന്നാണ് വൈദ്യുതി ലഭിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരിവിട്ടു.
റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോയെന്ന് കോടതി പോലീസിനോടും ചോദിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഡിസംബര്‍ അഞ്ചിന് നടന്ന് പൊതുസമ്മേളനത്തിനായി വഞ്ചിയൂര്‍ കോടതിക്ക് മുന്നിലെ റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എന്‍.പ്രകാശാണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരത്ത് സി.പി.എം പാളയം ഏരിയാ സമ്മേളനത്തിന്റെ പേരിലാണ് ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടിയ നടപടി. ട്രാഫിക് ജാം അനുനിമിഷം വയ്യാവേലിയാവുന്ന കേരളത്തില്‍ പ്രത്യേകിച്ച് തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കുള്ള വഞ്ചിയൂര്‍ കോടതിക്ക് മുന്‍ഭാഗത്തുള്ള റോഡിലാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് സംസാരിക്കാന്‍ നടുറോഡില്‍ സ്റ്റേജ് കെട്ടിയത്. തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്.
രണ്ടുവരി പാതയുടെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞുകൊണ്ടായിരുന്നു റോഡ് കൈയ്യേറല്‍. ഹോളി ഏയ്ഞ്ചല്‍ കോണ്‍വന്റ സ്കൂളും സെന്റ് ജോസഫ് സ്കൂളിലേക്കും അടക്കമുള്ള വഴിയാണ് സമ്മേളനത്തിനായി സി.പി.എം കെട്ടിയടച്ചത്. രണ്ടു ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒരു ഭാഗത്ത് കൂടി പോകുന്നതിനാല്‍ സ്റ്റേജ് കെട്ടിയ ബുധനാഴ്ച മുതല്‍ ഇവിടം വലിയ ഗതാഗതക്കുരുക്കിലായി. നഗരത്തിന്റെ മറ്റ് റോഡുകളിലേയ്ക്കും കുരുക്ക് വ്യാപിച്ചു. സ്കൂള്‍ ബസുകളും ജനറല്‍ ആസുപത്രിയിലേയ്ക്ക് പോയ ആംബുലന്‍സുകളും തിരക്കില്‍പ്പെട്ടു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുകൊണ്ടുപോയ കൈക്കുഞ്ഞും വിഷമിച്ചു. ജീവനക്കാര്‍ക്ക് ഓഫീസുകളിലേയ്ക്കും വിദ്യാര്‍ത്ഥികള്‍ക്ക് വദ്യാലയങ്ങളിലേയ്ക്കും സമയത്ത് എത്താന്‍ കഴിഞ്ഞില്ല. വാഹനങ്ങളുടെ നീണ്ടനിര ഒരു കിലോമീറ്ററിലധികം നീണ്ടു.
എന്നാല്‍ ജനകീയ പ്രതിഷേധം കനത്തതോടെ നില്‍ക്കകള്ളിയില്ലാതെ വഞ്ചിയൂര്‍ പൊലീസിന് കേസെടുക്കേണ്ടി വന്നു. പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുക, അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ വകുപ്പുകളാണ് സി.പി.എമ്മിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. കണ്ടാലറിയുന്ന 500-ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഒരാളെപ്പോലും കേസില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല.