കൊച്ചി: സൈബർ തട്ടിപ്പിലൂടെ തൃപ്പൂണിത്തുറ സ്വദേശിയായ ഡോക്ടർക്ക് നാലുകോടി രൂപ നഷ്ടമായെന്ന് പരാതി. 45 കാരനായ ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഹരി വ്യാപരത്തിലൂടെ ഇരട്ടി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
ഉത്തരേന്ത്യൻ സ്വദേശിനിയായ അവന്തിക ദേവ് ഉൾപ്പെടെയുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. ഓഹരി വ്യാപരത്തെ കുറിച്ച് ഡോകടറോട് വിശദമായി പറഞ്ഞതിനു ശേഷം ആദ്യം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. പിന്നീട് ഒരു സ്വകാര്യ ഫിനാൻസ് കമ്പനിയുടെ ആപ്പിലൂടെ ഓഹരി വ്യാപാരം നടത്തിയാൽ ഇരട്ടി ലാഭമുണ്ടാക്കാമെന്നാണ് യുവതി വിശ്വസിപ്പിച്ചത്.
തുടർന്ന് നവംബർ 26 മുതൽ ഈ മാസം 9 വരെ പല തവണകളായി 4.05 കോടി രൂപ ഡോക്ടർ ആപ്പിൽ നിക്ഷേപിച്ചു. നിക്ഷേപമോ ലാഭമോ തിരികെ കിട്ടാതായതോടെ യുവതിയെ ഫോണിൽ വിളിച്ചെങ്കിലുംബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു.
ഇതോടെയാണ് പണം നഷ്ടമായെന്നു ഡോക്ടറിന് മനസിലായത്. തുടർന്ന്, സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.