ക്വാണ്ടം കംപ്യൂട്ടിംഗിന്റെ പരിമിതികള്‍ മറികടക്കുന്ന സുപ്രധാന ചിപ്പ് കണ്ടെത്തി ടെക് ഭീമനായ ഗൂഗിള്‍. വില്ലോ (Willow) എന്ന പേരിട്ടിരിക്കുന്ന ചിപ്പ് കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലുള്ള കമ്പനിയുടെ ക്വാണ്ടം ലാബിലാണ് വികസിപ്പിച്ചെടുത്തത്. ക്ലാസിക്കല്‍ കംപ്യൂട്ടറുകള്‍ കോടിക്കണക്കിന് വര്‍ഷങ്ങളെടുത്ത് ചെയ്യുന്ന ജോലി അഞ്ച് മിനിറ്റിനുള്ളില്‍ തീര്‍ക്കാന്‍ വില്ലോ ചിപ്പിന് സാധിക്കും.എത്ര സങ്കീര്‍ണമായ ഗണിതപ്രശ്നങ്ങളും അഞ്ച് മിനിറ്റിനുള്ളില്‍ തീര്‍ക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ജോലി വരെ ഞൊടിയിടയില്‍ ചെയ്ത് തീര്‍ക്കാന്‍ വില്ലോ ചിപ്പിന് സാധിക്കും.
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറുകളിലൊന്നിന് 10 സെപ്റ്റില്യണ്‍ (1025) വര്‍ഷങ്ങള്‍ എടുക്കുന്ന ഒരു ജോലി വില്ലോ ചിപ്പിന് അഞ്ച് മിനിറ്റിനുള്ളില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
മൈക്രോസോഫ്റ്റ് പോലെയുള്ള മറ്റ് ടെക് ഭീമന്മാരെ പോലെ നിലവിലെ സിസ്റ്റങ്ങള്ക്കപ്പുറം വേഗത കൈവരിക്കുന്നതിലൂടെ കംപ്യൂട്ടിംഗില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. കംപ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിര്‍മിതബുദ്ധിയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചിപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ക്വാണ്ടം മെക്കാനിക്സിന്റെ തത്വങ്ങള്‍ ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പ്രത്യേകതരം കംപ്യൂട്ടര്‍ ചിപ്പാണ് ക്വാണ്ടം ചിപ്പുകള്‍. വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതിന് ബിറ്റുകള്‍ ഉപയോഗിക്കുന്ന സാധാരണ ചിപ്പില്‍ നിന്ന് വ്യത്യസ്തമായി ക്വാണ്ടം ചിപ്പുകള്‍ ക്യുബിറ്റ്സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പരാഗത കംപ്യൂട്ടറുകളെക്കാള്‍ വളരെ വേഗത്തില്‍ സങ്കീര്‍ണമായ ഗണിതപ്രശ്നങ്ങല് കൈകാര്യം ചെയ്യാനും ക്വാണ്ടം ചിപ്പുകള്‍ക്ക് സാധിക്കുന്നു.
ഗൂഗിളിന്റെ വില്ലോ ചിപ്പ്
105 ക്യുബിറ്റുകള്‍ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ കംപ്യൂട്ടറുകള്‍ ബിറ്റ് അടിസ്ഥാനമാക്കിയുള്ളവയാണ്. അതുകൊണ്ട് തന്നെ ക്വാണ്ടം കംപ്യൂട്ടറുകളുടെ വേഗതയും കൂടുതലായിരിക്കും. എന്നാല്‍ പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ക്യുബിറ്റുകളെ വളരെ വേഗം സ്വാധീനിക്കും. താപവ്യതിയാനം, സബ് അറ്റോമിക് കണങ്ങളുടെ സ്വാധീനം എന്നിവ ക്യുബിറ്റുകളെ സ്വാധീനിക്കും. അതിനാല്‍ പിഴവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
എന്നാല്‍ വില്ലോ ചിപ്പില്‍ ക്യൂബിറ്റുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഫലപ്രദമായി സംവിധാനം കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. ഇതിലൂടെ വേഗമേറിയ ക്വാണ്ടം കംപ്യൂട്ടിംഗ് സാധ്യമാക്കാനും സാധിക്കും. അതുവഴി പ്രശ്നങ്ങളും പിഴവുകളുമുണ്ടാകുമ്പോള് അവ അപ്പോള്‍ തന്നെ കണ്ടെത്തി പരിഹരിക്കാനും ഈ സംവിധാനത്തിന് സാധിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
പ്രധാന വഴിത്തിരിവ്
ക്വാണ്ടം കംപ്യൂട്ടിംഗിലെ സുപ്രധാന വഴിത്തിരിവാണിതെന്ന് ഗൂഗിള്‍ ക്വാണ്ടം എഐ മേധാവി ഹാര്‍ട്ട്മട്ട് നെവന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ചില ടെക് കമ്പനികള്‍ കൂടുതല്‍ ക്യുബിറ്റുകള്‍ ഉപയോഗിച്ച് ചിപ്പ് നിര്‍മിക്കുന്നു. എന്നാല്‍ ക്യുബിറ്റുകളുടെ വിശ്വാസ്യതയ്ക്കാണ് ഗൂഗിള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഈ സമീപനം സ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നുവെന്ന് ഗൂഗിള്‍ ക്വാണ്ടം എഐയുടെ പ്രധാന വക്താവായ ആന്റണി മെഗ്രാന്റ് വ്യക്തമാക്കി. ക്വാണ്ടം കംപ്യൂട്ടിംഗ് ഗവേഷണരംഗത്ത് ടെക് ഭീമന്മാര് തമ്മിലുള്ള മത്സരം രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഗൂഗിളിന്റെ ഈ നിര്‍ണായക കണ്ടെത്തല്‍.