കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ കൊല്ലം മാടൻനടയിലുള്ള കുടുംബവീട്ടിൽ മോഷണം. വീടിനോട് ചേർന്ന ഷെഡ്ഡിലുള്ള പഴയ പാത്രങ്ങളും പൈപ്പുകളുമാണ് മോഷണംപോയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു, എന്നാൽ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം അറിയുന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഷെഡ്ഡിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. ഷെഡിന്റെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. മോഷണം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ഇരവിപുരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്.