കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന സാമ്പത്തികബാധ്യതകള്‍ കാരണം ഭിക്ഷാടനത്തിലേക്ക് എത്തി കോടികളുടെ ആസ്തി സ്വന്തമാക്കിയ ഒരു ‘ഭിക്ഷക്കാര’ന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമ്പത്തിക പരാധീനതകള്‍ കാരണം വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാത്ത ഇദ്ദേഹം ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരന്‍ കൂടിയാണ്. നിലവില്‍ 7.5 കോടിരൂപയുടെ ആസ്തിയുള്ള ഭരത് ജെയ്ന്‍ എന്ന 54കാരനാണ് ഭിക്ഷാടനത്തിലൂടെ കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. 40 വര്‍ഷത്തിലേറെയായി അദ്ദേഹം ഭിക്ഷാടനം നടത്തിവരികയാണ്.
ഇപ്പോഴും ഭിക്ഷാടനം തുടരുന്ന ഭരത് മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലാണ് കഴിയുന്നത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലും ആസാദ് മൈതാനിലും ഭരത് ഭിക്ഷ യാചിച്ചിരിക്കാറുണ്ട്. ഒരു ദിവസം ഏകദേശം 2000 മുതല്‍ 4000 രൂപ വരെയാണ് ഭിക്ഷാടനത്തിലൂടെ ഭരത് സമ്പാദിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടവേളകളില്ലാതെ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഭരത് ഭിക്ഷ യാചിക്കും. പ്രതിമാസം 60,000-70,000 രൂപ വരെയാണ് ഭിക്ഷാടനത്തിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ഭിക്ഷ യാചിച്ച് മാത്രമല്ല ഇന്ന് കാണുന്ന കോടിക്കണക്കിന് രൂപയുടെ ആസ്തി ഭരത് നേടിയത്. മറിച്ച് ബുദ്ധിപരമായ നിക്ഷേപങ്ങളാണ് സമ്പന്നനാകാന്‍ ഭരതിനെ സഹായിച്ചത്.
മുംബൈ നഗരത്തില്‍ 1.4 കോടി രൂപ വിലവരുന്ന രണ്ട് ഫ്‌ളാറ്റിന്റെ ഉടമ കൂടിയാണ് ഭരത് ജെയ്ന്‍. ഭാര്യയും രണ്ട് മക്കളും പിതാവും സഹോദരനും അടങ്ങിയ കുടുംബമാണ് ഭരതിന്റേത്. കൂടാതെ താനെയില്‍ ഇദ്ദേഹത്തിന് രണ്ട് കടകള്‍ കൂടിയുണ്ട്. അവ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. പ്രതിമാസം 30000 രൂപയാണ് വാടകയിനത്തില്‍ ഭരതിന് ലഭിക്കുന്നത്.
അതേസമയം വിദ്യാഭ്യാസത്തിന്റെ വിലയറിയാവുന്ന ഭരത് തന്റെ രണ്ട് മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇരുവരും ഒരു കോണ്‍വെന്റ് സ്‌കൂളിലാണ് പഠിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെങ്കിലും ഇപ്പോഴും ഭിക്ഷാടനം ഉപേക്ഷിക്കാന്‍ ഭരത് തയ്യാറല്ല.
ഭിക്ഷാടനം താന്‍ ആസ്വദിക്കുകയാണെന്നും ഈ ജീവിതശൈലി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നുമാണ് ഭരത് പറയുന്നത്. തനിക്ക് അത്യഗ്രഹമില്ലെന്നും വരുമാനത്തിന്റെ ഒരുഭാഗം ക്ഷേത്രങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി താന്‍ നല്‍കാറുണ്ടെന്നും ഭരത് ജെയ്ന്‍ പറഞ്ഞു.
ഭിക്ഷാടനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ സമ്പാദിച്ച ഭിക്ഷാടകര്‍ വേറെയുമുണ്ട്. 1.5 കോടി രൂപ ആസ്തിയുള്ള സാംഭാജി കാലെ, ഒരു കോടി രൂപ ആസ്തിയുള്ള ലക്ഷ്മിദാസ് എന്നിവരും ഭിക്ഷാടനത്തിലൂടെ ധനികരായവരാണ്. ഇന്ത്യയില്‍ ഭിക്ഷാടനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഭിക്ഷ യാചിച്ച് ഉപജീവനം നടത്തുന്നവര്‍ രാജ്യത്ത് ധാരാളമുണ്ട്.