പ്രണയം ഏത് പ്രായത്തിലും തോന്നാം. പ്രണയസാക്ഷാത്കാരത്തിന് പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെര്‍ണി ലിറ്റ്മാന്‍- മാര്‍ജോറി ഫിറ്റര്‍മാന്‍ ദമ്പതികള്‍. ഇന്ന് ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികളാണ്. ഇക്കഴിഞ്ഞ മെയ് 19നാണ് ഇവര്‍ വിവാഹിതരായത്. ബെര്‍ണി ലിറ്റ്മാന് പ്രായം 100-ും മാര്‍ജോറി ഫിറ്റര്‍മാന് പ്രായം 102-ും ആണ്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളെന്ന ഗിന്നസ് റെക്കോര്‍ഡും ഇവരെ തേടിയെത്തി.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫിലാഡല്‍ഫിയയിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയത്. അവിടെ വെച്ചാണ് ഇരുവരും സൗഹൃദത്തിലായത്. കാലക്രമേണ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. അങ്ങനെ ഇക്കഴിഞ്ഞ മെയ് 19ന് വിവാഹം കഴിക്കാനും ഈ ദമ്പതികള്‍ തീരുമാനിച്ചു.
രണ്ട് ദിവസം മുമ്പാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളെന്ന ഗിന്നസ് റെക്കോര്‍ഡ് ഇവരെത്തേടിയെത്തിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും കൂടി 202 വയസും 271 ദിവസവും പ്രായമായെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിച്ചു.
റാബി ആദം വൂള്‍ബെര്‍ഗ് ആണ് ഇവരുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. അപൂര്‍വ വിവാഹത്തെപ്പറ്റിയുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.’ ഞാന്‍ വിവാഹം നടത്തിക്കൊടുത്ത ദമ്പതികളില്‍ ഭൂരിഭാഗം പേരും ഡേറ്റിംഗ് ആപ്പുകളിലൂടെയാണ് പരസ്പരം പരിചയപ്പെട്ടത്. പഴയ രീതിയിലുള്ള കണ്ടുമുട്ടലുകളെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരേ കെട്ടിടത്തില്‍ താമസിച്ച്, പരസ്പരം അറിയാന്‍ കഴിയുന്നത് വല്ലാത്തൊരു അനുഭൂതിയാണ്,‘അദ്ദേഹം പറഞ്ഞു.
വേറെ വിവാഹം കഴിച്ച് കുടുംബജീവിതവുമായി മുന്നോട്ടുപോയവരായിരുന്നു ബെര്‍ണിയും മാര്‍ജോറിയും. തങ്ങളുടെ ആദ്യ പങ്കാളികളുമായി 60 വര്‍ഷത്തോളം ദാമ്പത്യജീവിതവും നയിച്ചു. പിന്നീട് വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് രണ്ടുപേരുടെയും പങ്കാളികള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ബെര്‍ണിയും മാര്‍ജോറിയും വീണ്ടും വിവാഹിതരായത്. ദമ്പതികളുടെ ഈ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.