(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: “നൃത്തവർഷിണി” പുരസ്കാര ജേത്രിയായ, നിമ്മീ റോസ് ദാസ് ശിക്ഷണം നൽകുന്ന, ‘ഭരതം ഡാൻസ് അക്കാഡമി’യുടെ, രജതജൂബിലിയാഘോഷത്തിൽ സമാഹരിച്ച, വയനാട് പ്രകൃതിദുരന്ത സമാശ്വാസത്തുക, ഓർമാ ഇൻ്റർനാഷണലിലൂടെ, വയനാട്ടിൽ ലഭ്യമാക്കുന്നതിന് കൈമാറി. ഓർമാ ഇൻ്റർ നാഷണൽ ഭാരവാഹികൾ ഭരതം ഡാൻസ് അക്കാഡമിയുടെ മാതൃകാ ജീവകാരുണ്യ സേവനത്തിനു നന്ദി പറഞ്ഞു. ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ ( പ്രസിഡൻ്റ്), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറാർ), ജോസ് തോമസ് (ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ), സജി സെബാസ്റ്റ്യൻ ( ഫിനാൻസ് ഓഫീസർ), സെബിൻ സ്റ്റീഫൻ (ഫിലഡൽഫിയാ ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറി), ആലീസ് ജോസ്, സ്വപ്നാ സജി എന്നിവർ സംസാരിച്ചു.
പ്രകൃതി ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനുള്ള ഭരതം ഡാൻസ് അക്കാഡമിയുടെ ജീവകാരുണ്യ നിലപാടിനെയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നതായി ഓർമാ ഇൻ്റർനാഷണൽ ഇൻഡ്യാ പ്രൊവിൻസ് പ്രസിഡൻ്റ് കെ ജെ ജോസഫ് മാസ്റ്ററും ( റിട്ടയേഡ് ഹെഡ് മാസ്റ്റർ), സെക്രട്ടറി ഷീജാ കെ പിയും (കഥാപ്രസംഗ-നൃത്താദ്ധ്യാപിക), പ്രവർത്തകരും ആശംസാ പൂർവം നന്ദിയോടെ വയനാട്ടിൽ നിന്ന് വീഡിയോ കോൺഫെറൻസിൽ അറിയിച്ചു. മുൻ വർഷങ്ങളിൽ ക്യാൻസർ ബാധിത അശരണർക്ക് സാന്ത്വനം പകരുവാൻ ഭരതം ഡാൻസ് അക്കാഡമി ധനസഹായം നൽകിയിരുന്ന വസ്തുത അവർ ഓർമ്മിച്ചു സംസാരിച്ചു.
നിമ്മീ റോസ് ദാസ്, കൊച്ചിൻ കോളജിൽ, കോളജ് യൂണിയൻ ആർട് വിഭാഗം സെക്രട്ടറിയായിരുന്നു. എറണാകുളം മാഹാരാജാസ് കോളജിൽ നിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഫിലഡൽഫിയയിലെ കോളജുകളിൽ നിന്ന് ഫിസിയോ തെറപ്പിയിൽ ബിരുദവും നേഴ്‌സിങ്ങിൽ മാസ്റ്റേഴ്സും നേടി. ഗുരു, വിജയലക്ഷ്മിയുടെ ശിക്ഷണത്തിൽ, ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനി ആട്ടവും അഭ്യസിച്ചു. ചിത്ര രചനയിലും പെയ്ൻ്റിങ്ങിലും മികവു പുലർത്തുന്ന ചിത്രകാരിയെന്ന നിലയിലും പ്രശസ്തയാണ് നിമ്മി. ഫിലഡൽഫിയയിലെ പേരെടുത്ത യൂണിവേഴ്സിറ്റിയിലെ നേഴ്സ് എഡ്യൂക്കേറ്ററും പ്രശസ്ത ഹോസ്പിറ്റലിൽ നേഴ്സ് മാനേജരുമാണ്. നൃത്ത വിദ്യാദാനത്തിലൂടെ, വിവിധ ഇന്ത്യൻ ഭാഷകളുടെയും, സംസ്കാര രീതികളുടെയും പാഠങ്ങൾ, അനേകം വിദ്യാർഥിനീ വിദ്യാർഥികൾക്ക് പകർന്നു നൽകുന്നു.