ന്യൂഡല്‍ഹി : ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യുഎസ് വീസ ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ല്‍ സമാന കാലയളവില്‍ ഇത് 1,03,495 ആയിരുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള എഫ്1 വീസ 2021 ല്‍ സമാന കാലയളവില്‍ 65,235 ആയിരുന്നു. 2022 ല്‍ ഇതു 93,181 ആയിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപിച്ച 2020 ലെ ആദ്യ 9 മാസത്തില്‍ 6646 എഫ്1 വീസയാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്നത്. യുഎസില്‍ ഉപരിപഠനം നടത്തുന്നവര്‍ക്കു വേണ്ടിയുള്ള നോണ്‍ ഇമിഗ്രന്റ് വിഭാഗത്തില്‍പെട്ടതാണ് എഫ്1 വീസ.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച വീസയിലും കുറവുണ്ടെങ്കിലും ഇത്ര വലുതല്ല. ഈ വര്‍ഷം ആദ്യത്തെ 9 മാസത്തില്‍ 73,781 എഫ്1 വീസയാണു ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമിത് 80,603 ആയിരുന്നുവെന്നും ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്സിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.