ഡമാസ്കസ്: രാജ്യത്തിന്റെ ഖജനാവ് കാലിയാണെന്നുo സാമ്പത്തീക പ്രതിസന്ധി രൂക്ഷമാണെന്നും സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി.ലക്ഷക്കണക്കിന് അഭയാർഥികളെ തിരിച്ചെത്തിക്കുകയും രാജ്യത്ത് അടിസ്‌ഥാന സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ പ്രഖ്യാപിച്ചു.
വിദേശ കറൻസി ശേഖരമില്ലാത്ത ഖജനാവിൽ ചില്ലിക്കാശ് ശേഷിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, സിറിയയിലുള്ള 900 അമേരിക്കൻ സൈനികർ തുടരുമെന്നു വ്യക്തമാക്കിയ യുഎസ് സേന വിമതസഖ്യവുമായി ചർച്ചയ്ക്കു ശ്രമം ആരംഭിച്ചിട്ടുണ്ട്. വിമതസേനയെ നയിക്കുന്ന ഹയാത്ത് തഹ്റീർ അൽ ഷം (എച്ച്‌ടിഎസ്) യുഎസിന്റെ ഭീകരപട്ടികയിലുളളതായതിനാൽ ചർച്ച എങ്ങനെ വേണമെന്നു തീരുമാനമായിട്ടില്ല.പുതിയ സർക്കാരുമായി ചർച്ച നടത്തിയശേഷം സിറിയയിലെ സൈനികസാന്നിധ്യം തുടരണമോയെന്ന് തീരുമാനിക്കുമെന്ന് റഷ്യ വ്യക്തമാക്കി. ചില താവളങ്ങളിലെ റഷ്യൻ പോർവിമാനങ്ങൾ സിറിയ വിട്ടെന്നും റിപ്പോർട്ടുണ്ട്. അതിനിടെ, വടക്കൻ മേഖലയിൽ യുഎസ് പിന്തുണയുള്ള കുർദിഷ് സിറിയൻ ഫോഴ്സസും തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതരും തമ്മിൽ വെടിനിർത്തൽ കരാറായി. സർക്കാർ ഓഫിസുകൾ തുറക്കാനും പൊതുഗതാഗതമടക്കം സേവനങ്ങൾ പുനരാരംഭിക്കാനുമുള്ള ശ്രമങ്ങൾ ഇടക്കാല സർക്കാർ തുടരുന്നതിടെ, മാലിന്യം കുന്നുകൂടിയ കുന്നുകൂടിയ ഡമാസ്കസിലെ തെരുവുകൾ വൃത്തിയാക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങി.