ചെന്നൈ: ഈറോഡ് ഈസ്റ്റിൽ കാലയളവ് പൂർത്തിയാക്കാതെ മകനും അച്ഛനും വിടവാങ്ങി. തമിഴ്നാട് കോൺഗ്രസ് മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്. ഇളങ്കോവനാണ് (76) അന്തരിച്ചത്. ഈറോഡ് ഈസ്റ്റ് എംഎൽഎയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
മകനായിരുന്ന തിരുമകൻ ഇവരയുടെ നിര്യാണത്തെത്തുടർന്ന് 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് എംഎൽഎയായത്. ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്. ഇതോടെ അഞ്ച് വർഷത്തിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിനുംകൂടി സാക്ഷ്യം വഹിക്കുന്ന അപൂർവ മണ്ഡലമായി ഈറോഡ് ഈസ്റ്റ് മാറി.
2004-2009 വരെ ഗോപിചെട്ടിപ്പാളയത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു. മൻമോഹൻ സിങ് സർക്കാരിൽ ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയായിരുന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഏറ്റവും ശക്തനായ പ്രവർത്തകനായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഡിഎംകെയുടെ എ. ഗണേഷമൂർത്തിയോട് ഈറോഡ് സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തേനിയിൽ ഒ. പനീർസെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്ര കുമാറിനോടും തോൽക്കുകയായിരുന്നു.