ബംഗളുരു: ബംഗളുരുവില്‍ ഐ.ടി ജീവനക്കാരന്‍ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍. ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന്‍ അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തത്. നിഖിതയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും അമ്മയെയും സഹോദരനെയും അലഹാബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ അമ്മാവന്‍ സുശീല്‍ ഒളിവിലാണ്. മൗേഹ ൗെയവമവെ
ഡിസംബര്‍ 11-നാണ് യു.പി സ്വദേശിയായ അതുല്‍ സുഭാഷ് എന്ന 34-കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചായിരുന്നു അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ദാമ്പത്യ ജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ അതുല്‍ സുഭാഷ് വ്യക്തമാക്കിയിരുന്നു. അതുല്‍ സുഭാഷിനെതിരെ
വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിക്കുകയും കേസ് പിന്‍വലിക്കണമെങ്കില്‍ മൂന്ന് കോടി രൂപയും കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാനായി വന്‍തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ സുഭാഷിനെതിരെ രജിസ്റ്റര്‍ ചെയ്യുമെന്ന് ഭാര്യ നിഖിത ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ പറയുന്നു.
അതുല്‍ സുഭാഷ് നിഖിതയുമായി വേര്‍പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. 2019ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ബിസിനസ്സ് തുടങ്ങാന്‍ നികിതയും കുടുംബവും തന്നോട് വന്‍ തുക ആവശ്യപ്പെട്ടുവെന്നും നല്‍കാന്‍ കഴിയില്ലൈന്നറിയച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും സുഭാഷിന്റെ മരണക്കുറിപ്പില്‍ ആരോപിക്കുന്നു. തുടര്‍ന്ന് 2021ല്‍ നിഖിത മകനുമായി വീട്ടില്‍ നിന്നും പോകുകയായിരുന്നു.
2022-ല്‍ സ്ത്രീധന പീഡനം, കൊലപാതക ശ്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നിഖിത തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കേസുകള്‍ ഫയല്‍ ചെയ്തുവെന്നും അതുല്‍ ആരോപിച്ചു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തന്റെ മൃതദേഹം കാണുന്നതില്‍നിന്ന് ഭാര്യയെയും ഭാര്യാ വീട്ടുകാരെയും തടയണമെന്നും നീതി ലഭിക്കും വരെ തന്റെ അന്ത്യകര്‍മങ്ങള്‍ തടഞ്ഞുവെക്കണമെന്നും മരണക്കുറിപ്പില്‍ സുഭാഷ് അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം, അതുല്‍ സുഭാഷിന്റെ ആത്മഹത്യാ കുറിപ്പ് ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് കാണാതായി. ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും തന്റെ വിവാഹമോചന കേസ് പരിഗണിച്ച ജഡ്ജിക്കും എതിരെ എഴുതിയ കത്തുകളാണ് അദ്ദേഹം പബ്ലിക് ആയി ഷെയര്‍ ചെയ്ത ഗൂഗിള്‍ ഡ്രൈവ് ഫോള്‍ഡറുകളില്‍ നിന്ന് കാണാതായിരിക്കുന്നത്. 24 പേജുള്ള ആത്മഹത്യ കുറിപ്പാണ് അതുല്‍ ഷെയര്‍ ചെയ്തിരുന്നത്. ജഡ്ജിക്കെതിരായ കത്തും ഇതോടൊപ്പം ഉണ്ടായിരുന്നു. രണ്ട് കത്തുകളും ഇപ്പോള്‍ ഡ്രൈവില്‍ ഇല്ല. ഡ്രൈവിലെ ബാക്കിയുള്ള ഫോള്‍ഡറുകളിലേക്ക് ആക്‌സസ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. അതെസമയം ഈ ഫയലുകള്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് വെച്ചിരുന്നവര്‍ മറ്റ് പ്ലാറ്റുഫോമുകളില്‍ അവ അപ്ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ അതുലിന്റെ ഭാര്യ നികിത സിംഘാനിയ, ഭാര്യാ മാതാവ് നിഷ, ഭാര്യാ സഹോദരന്‍ അനുരാഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതുലിന്റെ നാലുവയസുകാരനായ മകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് പവന്‍ കുമാര്‍ മോദി രംഗത്തുണ്ട്. അതുലിന്റെ മകന്റെ ജീവന്‍ സംബന്ധിച്ച് തനിക്കുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നാലു വയസ്സുള്ള മകനെ നികിതയുടെ കുടുംബം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നറിയില്ല. അവന്‍ ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ലെന്ന് പിതാവ് വ്യക്തമാക്കി. പേരക്കുട്ടിയെ ഇതുവരെ കണ്ടിട്ടില്ലെന്നും, മകനെക്കാള്‍ പ്രധാനമാണ് പേരക്കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.
ജോന്‍പുര്‍ കുടുംബകോടതി ജഡ്ജ് അഴിമതിക്കാരിയാണെന്ന ആരോപണം അദ്ദേഹം വീണ്ടും ഉന്നയിച്ചു. അതുലിനോട് അവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. ഇത് നല്‍കാന്‍ അതുല്‍ ഒരുക്കമായിരുന്നില്ല. ജഡ്ജി തന്റെ ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തു നിന്നാണ് വാദം കേട്ടതെന്ന ഗുരുതരമായ ആരോപണമാണ് അതുല്‍ ഉന്നയിച്ചത്. കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയാണ് അതുല്‍ സുഭാഷ്. ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അദ്ദേഹം.
അതുലിന്റെ ആത്മഹത്യാ കുറിപ്പ് കാണാതായത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. തങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച കത്ത് പുറത്തുവിട്ടാണ് പലരും ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന് അവര്‍ ആരോപിക്കുന്നു.