ന്യൂഡൽഹി: പ്രശസ്‌ത തബലിസ്റ്റ് സാക്കിർ ഹുസൈൻ അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈന്റെ അനന്തരവൻ അമീർ ഔലിയാണ് മരണവാർത്ത നിഷേധിച്ച് എക്സിലൂടെ രംഗത്തെത്തിയത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ. അദ്ദേഹം ഗുരുതരാവസ്ഥയിലാണ്, ലോകമെമ്പാടുമുള്ള ആരാധകരോട് അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കാൻ അഭ്യർഥിക്കുന്നു – അമീർ ഔലിയ എക്സിൽ കുറിച്ചു.ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് സാക്കിർ ഹുസൈൻ. മരിച്ചുവെന്ന തരത്തിൽ വാർത്ത വന്നതിനു പിന്നാലെ രാഹുൽഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണവാർത്ത നിഷേധിച്ച് കുടുംബം തന്നെ രംഗത്തെത്തിയത്. അദ്ദേഹത്തിന് രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.