ന്യുയോർക്ക്: ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ചെസ്സ് പ്രതിഭയായ ഗുകേഷ് ദൊമ്മരാജു. ഈയാഴ്ച ആദ്യം സിംഗപ്പൂരിൽ നടന്ന 14 ഗെയിമുകളുടെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ചരിത്രം രചിച്ചത്. അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഗുകേഷ്.
ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആശംസകൾ പ്രവഹിച്ചപ്പോൾ, ഗുകേഷിന് ടെക് ഭീമൻ എലോൺ മസ്കിൽ നിന്ന് അഭിനന്ദന സന്ദേശവും ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ധനികനിൽ നിന്ന് തൻ്റെ നേട്ടത്തെക്കുറിച്ച് സന്ദേശം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ കായികതാരമാണ് ഡി ഗുകേഷ്. ഗുകേഷിൻ്റെ പോസ്റ്റിനുള്ള മറുപടിയിലാണ് എക്സിൽ മസ്ക് ആശംസകൾ അറിയിച്ചത്. “18th @ 18!”, എന്ന് തൻ്റെ വിജയം ആഘോഷിച്ചുകൊണ്ട് ഗുകേഷ് എഴുതിയപ്പോൾ, “അഭിനന്ദനങ്ങൾ!” എന്നാണ് ഗുകേഷിൻ്റെ പോസ്റ്റിന് മറുപടി നൽകിക്കൊണ്ട് മസ്ക് എഴുതിയത്. മസ്കിൻ്റെ അഭിനന്ദന പോസ്റ്റിന് ഇതിനു 13K ലൈക്കുകളും ഏകദേശം 200,000 കാഴ്ചകളും ലഭിച്ചു.