തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമയിലെ ഗർഭച്ഛിദ്ര രംഗം കണ്ട് യുവാവ് കുഴഞ്ഞു വീണു. കഴിഞ്ഞ ദിവസം രാത്രിയിൽ നിശാഗന്ധിയിൽ പ്രദർശിപ്പിച്ച ഡെൻമാർക്ക് ചിത്രമായ ‘ദി ഗേൾ വിത്ത് ദി നീഡിൽ’ എന്ന ചിത്രത്തിലെ ഗർഭച്ഛിദ്രം ചെയ്യാൻ ശ്രമിക്കുന്ന കണ്ടാണ് യുവാവ് കുഴഞ്ഞു വീണത്.തുടർന്ന് ചിത്രത്തിന്റെ പ്രദർശനം 15 മിനിറ്റോളം നിർത്തിവച്ചു. അമിതമായി രക്തസ്രാവം ഉണ്ടാകുന്ന രംഗമാണ് സിനിമയൽ ചിത്രീകരിച്ചത്. യുവാവിന് മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല. വിഖ്യാത കൊറിയൻ സംവിധായകനായ കിംകി ഡുക്കിന്റെ ചില ചിത്രങ്ങളിൽ മനസിന് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന രംഗങ്ങൾ അങ്ങനെതന്നെ ചിത്രീകരിച്ചത് സിനിമയിൽ കണ്ട് മുൻപും ഐഎഫ്എഫ്കെയിൽ കാഴ്ചക്കാർ തലകറങ്ങി വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സ്വീഡിഷ്-പോളിഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മാഗ്നസ് വോൺ ഹോർണാണ് ‘ദി ഗേൾ വിത്ത് ദി നീഡിൽ’ സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ അന്താരാഷ്ട ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച പ്രതികരണം നേടിയ ചിത്രം 2024 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.