Sunday, January 5, 2025

HomeNewsIndiaഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് അംഗീകാരം ലഭിച്ചാല്‍ എന്തൊക്കെ മാറ്റമുണ്ടാകും?

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് അംഗീകാരം ലഭിച്ചാല്‍ എന്തൊക്കെ മാറ്റമുണ്ടാകും?

spot_img
spot_img

രാജ്യത്ത് ഒരേ സമയം ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ (one nation, one poll) നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ഭരണഘടനാ (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്‍ 2024 അവതരിപ്പിച്ചത്. വിശദമായ കൂടിയാലോചനകള്‍ക്കായി പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് ബില്‍ കൈമാറാന്‍ അദ്ദേഹം സ്പീക്കര്‍ ഓം ബിര്‍ളയോട് അഭ്യര്‍ത്ഥിച്ചേക്കും. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, പുതുച്ചേരി, ഡല്‍ഹി എന്‍സിടി എന്നിവടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബില്ലിന് കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ 2034 വരെ നടക്കില്ലെന്നാണ് ഭേഗദതിയിലെ വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത്.

ബില്ലില്‍ പറയുന്നത് എന്ത്?

ഡിസംബര്‍ 13ന് ബില്ലിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ലോക്‌സഭയോ ഏതെങ്കിലും സംസ്ഥാന നിയമസഭയോ അതിന്റെ മുഴുവന്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പിരിച്ചുവിട്ടാല്‍, അതിലേക്ക് മാത്രമെ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കൂവെന്ന് ബില്ലില്‍ പറയുന്നു. ഭരണഘടനയിലെ 82ാം വകുപ്പ് (A)(ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക) കൂട്ടിച്ചേര്‍ക്കാനും 83(പാര്‍ലമെന്റ് സഭകളുടെ കാലാവധി), 172, 327 വകുപ്പുകള്‍(നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകള്‍ ഉണ്ടാക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരം) ഭേദഗതി ചെയ്യാനും ബില്‍ നിര്‍ദേശിക്കുന്നു.

ഒരു നിശ്ചിത തീയതി മുതലാണ് വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരികയെന്നും അതില്‍ പറയുന്നു. ഒരു പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്‌സഭയുടെ ആദ്യ കൂടിച്ചേരലില്‍ രാഷ്ട്രപതി ഇത് അറിയിക്കും. നിശ്ചയിച്ച തീയതി 2029ലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.
ലോക്‌സഭയുടെ കാലാവസ്ഥ ഈ നിശ്ചിത തീയതി മുതല്‍ അഞ്ച് വര്‍ഷമായിരിക്കുമെന്നും നിശ്ചിത തീയതിക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ നിയമസഭകളുടെയും കാലാവധി ലോക്‌സഭയുടെ കാലാവധിയോടെ അവസാനിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.

ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എങ്ങനെ?

രണ്ട് ഘട്ടങ്ങളായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കും. രണ്ടാം ഘട്ടത്തില്‍ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒരു പൊതു വോട്ടര്‍ പട്ടിക ഉണ്ടായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ തയ്യാറാക്കും.

കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളം വിശദമായ ചര്‍ച്ചകള്‍ നടക്കും. കോവിന്ദ് പാനലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു സംഘം രൂപീകരിക്കും.

കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ എന്തൊക്കെ?

ഒരു നിശ്ചിത തീയതി സജ്ജമാക്കണമെന്ന് ഉന്നതതല സമിതി നിഷ്‌കര്‍ഷിക്കുന്നു. ഈ നിശ്ചിത തീയതിക്ക് ശേഷം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന എല്ലാ നിയമസഭകളുടെയും കാലാവധി 2029ലെ പൊതു തിരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു തീയതി തീരുമാനിക്കും എന്നതാണ് ഈ മാറ്റം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആ തീയതിക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പൊതു തിരഞ്ഞെടുപ്പിന് സമാന്തരമായി അവരുടെ കാലാവധി അവസാനിക്കും.

  • ഫലത്തില്‍ 2024-നും 2028നും ഇടയില്‍ രൂപീകൃതമാകുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും അവയുടെ കാലാവധി. അതിന് ശേഷം സ്വയമേവ ലോക്‌സഭാ, നിയമസബാ തിരഞ്ഞെടുപ്പുകള്‍ നടക്കും.
  • ഉദാഹരണത്തിന്, 2025ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തിന് നാല് വര്‍ഷത്തെ കാലാവധിയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കും. 2027ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരിന് 2029 വരെയുള്ള രണ്ടു വര്‍ഷത്തെ കാലാവധി മാത്രമെ ഉണ്ടാകൂ.
  • തൂക്കുസഭയോ അവിശ്വാസ പ്രമേയമോ അത്തരത്തിലുള്ള എന്തെങ്കിലും സംഭവമോ ഉണ്ടായാല്‍ പുതിയസഭ രൂപീകരിക്കുന്നതിന് പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ലോക്‌സഭയിലും നിയമസഭയിലും ഇത് സമാനമാണ്.
  • രൂപീകരിക്കപ്പെടുന്ന പുതിയ സര്‍ക്കാരിന്റെ കാലാവധി ലോക്‌സഭയുടെ മുമ്പിലത്തെ കാലാവധി തീരാത്ത കാലത്തേക്ക് മാത്രമായിരിക്കും. ഈ കാലയളവ് അവസാനിക്കുന്നതോടെ സഭ പിരിച്ചുവിടും.
  • കോവിന്ദ് സമിതി 18 ഭരണഘടനാ ഭേദഗതികളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍, പാര്‍ലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഇതിന് ആവശ്യമായി വന്നേക്കും.
  • രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍ക്കായി രണ്ട് ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ ഉണ്ടാകും. അവയ്ക്ക് കീഴില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതും മറ്റുള്ളവയില്‍ ഭേദഗതി വരുത്തുന്നതും ഉള്‍പ്പെടെ ആകെ 15 ഭേദഗതികളാണ് വരുത്തുക.
  • ആദ്യ ഭരണഘടനാ ഭേദഗതി ബില്‍: ആദ്യ ബില്‍ ഭരണഘടനയിലേക്ക് പുതിയൊരു വകുപ്പ്(82A) കൂട്ടിച്ചേര്‍ക്കും. ആര്‍ട്ടിക്കിള്‍ 82 എ രാജ്യം ഒരേസമയം തിരഞ്ഞെടുപ്പിലേക്ക് മാറുന്ന പ്രക്രിയയാണ് സ്ഥാപിക്കുന്നത്.
  • രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ബില്‍: രണ്ടാമത്തെ ബില്‍ ഭരണഘടനയില്‍ 324A എന്നവകുപ്പ് അവതരിപ്പിക്കും. ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും സമാന്തരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇത് അധികാരം നല്‍കും.
  • സംസ്ഥാനങ്ങളുടെ അംഗീകാരം: രണ്ട് ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചതിന് ശേഷം, ആര്‍ട്ടിക്കിള്‍ 368 പ്രകാരമുള്ള ഭേദഗതി നടപടിക്രമങ്ങള്‍ പാര്‍ലമെന്റ് പിന്തുടരും. ലോക്സഭയെയും നിയമസഭയെയും സംബന്ധിച്ച തിരഞ്ഞെടുപ്പ് നിയമങ്ങള്‍ നിയമമാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നതിനാല്‍, ആദ്യ ഭേദഗതി ബില്ലിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിക്ക് കീഴിലാണ്. രണ്ടാമത്തെ ഭേദഗതി ബില്ലിന് പകുതി സംസ്ഥാനങ്ങളെങ്കിലും അംഗീകാരം നല്‍കേണ്ടതുണ്ട്.
  • രാഷ്ട്രപതിയുടെ സമ്മതവും നടപ്പാക്കലും: രണ്ടാമത്തെ ബില്ലിന്റെ അംഗീകാരത്തിന് ശേഷവും, നിശ്ചിത ഭൂരിപക്ഷത്തോടെ ഇരുസഭകളിലും പാസാക്കിയതിന് ശേഷവും, ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പോകും. അവര്‍ ബില്ലുകളില്‍ ഒപ്പിട്ടാല്‍, അവ നിയമങ്ങളായി മാറും.
  • ഏക വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡും സംബന്ധിച്ച നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ക്ക് കുറഞ്ഞത് പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 325-ന്റെ പുതിയ ഉപവകുപ്പ് ഒരു നിയോജക മണ്ഡലത്തിലെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒരൊറ്റ വോട്ടര്‍ പട്ടിക ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
  • വൈകാതെ തന്നെ ഒരു നിയമകമ്മിഷനും നിലവില്‍ വന്നേക്കും. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി വാദിക്കുന്നുണ്ട്.
  • ലോക്‌സഭ, നിയമസഭ, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനും തൂക്കുമന്ത്രിസഭ പോലെയുള്ള കേസുകളില്‍ ഏകീകൃത സര്‍ക്കാര്‍ രൂപീകരിക്കാനും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് സർക്കാരിന് ഗുരുതരമായ നിയമ വെല്ലുവിളി ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ‘കാലാവധി പൂര്‍ത്തിയാകാത്ത കാലയളവിലേക്ക്’ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിലൂടെ സ്ഥിരമായ ഭരണത്തനുള്ള ജനങ്ങളുടെ അവകാശം നഷ്ടപ്പെടുന്നതയി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഫെഡറലിസത്തിന്റെ തത്വത്തെ ബാധിക്കുന്നുവെന്നതാണ് അവര്‍ ഉയര്‍ത്തുന്ന പ്രധാന വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments