Wednesday, March 12, 2025

HomeMain Storyതോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് കടുപ്പിച്ച് സി.പി.എമ്മും പിണറായി വിജയനും

തോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് കടുപ്പിച്ച് സി.പി.എമ്മും പിണറായി വിജയനും

spot_img
spot_img

തിരുവനന്തപുരം: ദേശീയ നേതൃത്വം ശക്തമായി ഇടപെട്ടിട്ടും മന്ത്രിമാറ്റം എങ്ങും എത്താതായതോടെ എന്‍.സി.പി (എസ്.പി) വീണ്ടും ക്ഷയിക്കുമെന്ന് സൂചന. വനം മന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കി. ശശീന്ദ്രന്‍ മാറിയാല്‍ എന്‍.സി.പിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയും തോമസ് കെ തോമസും ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. പിന്നീട് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാറ്റമുണ്ടായില്ല. മന്ത്രിമാറ്റത്തിന് താല്‍പര്യമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയേയും അറിയിക്കാന്‍ ശരദ് പവാര്‍ പ്രകാശ് കാരാട്ടിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രിയെ മാറ്റാനുള്ള തോമസിന്റെ ശ്രമങ്ങള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം വഴങ്ങിയില്ല.

മുന്നണി സംവിധാനത്തില്‍ ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടികള്‍ ആണെന്നാണ് തോമസ് കെ തോമസിന്റെ നിലപാട്. എന്നാല്‍ മന്ത്രിമാറ്റത്തെ ഇടതുമുന്നണിയും അനുകൂലിക്കുന്നില്ല. ശശീന്ദ്രന്‍ നല്ല മന്ത്രിയാണെന്നായിരുന്നു കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ നിലപാട്. അനാവശ്യ ചര്‍ച്ചകള്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സഹോദരന്‍ തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് സി.പി.എമ്മും മുന്നണിയും നല്‍കിയ പ്രത്യേക പരിഗണനയിലാണ് 2021-ല്‍ തോമസ് കെ തോമസ് കുട്ടനാട് സീറ്റില്‍ മത്സരിച്ചത്. എന്നാല്‍ രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിമാറ്റമെന്നത് പാര്‍ട്ടിക്കുള്ളിലെ ധാരണയാണെന്ന് പറഞ്ഞ് 67 കാരനായ തോമസ് കെ തോമസ് എന്‍.സി.പി കേരള ഘടകത്തില്‍ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. ശശീന്ദ്രനൊപ്പം നിന്ന ചാക്കോ തോമസിനൊപ്പം മാറിയതോടെയാണ് ദേശീയ നേതൃത്വം ഇടപെടല്‍ ശക്തമാക്കിയതും.

മന്ത്രിമാറ്റത്തില്‍ ചാക്കോ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നാണ് ശശീന്ദ്രന്റെ നിലപാട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി (2018 ഫെബ്രുവരി 1 മുതല്‍ ) മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന റെക്കോഡു നേടിയ ശശീന്ദ്രന്‍ സ്ഥാനം ഒഴിയാമെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക് എത്തുന്നതില്‍ മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും താല്‍പര്യം പോര എന്നത് മുന്നില്‍ കണ്ടാണ് മന്ത്രിസ്ഥാനം ഒഴിയാമെന്നും പകരം മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാകരുതെന്നും ശശീന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നത്.

തോമസ് കെ തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ മൂന്നുവട്ടം പറഞ്ഞതാണ്. ശശീന്ദ്രനെ മാറ്റുന്നതിനോട് സിപിഎമ്മും മുഖ്യമന്ത്രിയും യോജിക്കുന്നില്ലെന്നു പ്രകാശ് കാരാട്ട് ശരദ് പവാറിനെ അറിയിക്കും. വമ്പന്‍ കൂറുമാറ്റത്തിന് വമ്പന്‍ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണം തോമസ് കെ തോമസിനെതിരെ നില്‍ക്കുന്നതിനാല്‍ മന്ത്രിസഭയിലെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രകാശ് കാരാട്ട് ശരദ് പവാറിനെ അറിയിക്കും.

ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് എന്‍സിപിയുടെ താല്പര്യമെങ്കില്‍ വിരോധമില്ലെന്നും പക്ഷെ പിന്നീട് മന്ത്രിസ്ഥാനം എന്‍സിപിക്ക് ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോമസ് കെ തോമസിനെ എന്തുകൊണ്ട് മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിശദമായി തന്നെ പ്രകാശ് കാരാട്ടിനെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രകാശ് കാരാട്ട് ശരദ് പവാറിനേയും അറിയിച്ചതായാണ് സൂചന.

ഇടതു മുന്നണിയിലെ കോണ്‍ഗ്രസ് ധാരയാണ് എന്‍.സി.പി. 1980-ല്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പടെ 21 പേരുമായി ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായിരുന്ന കോണ്‍ഗ്രസ് (യു) പിന്നീട് കോണ്‍ഗ്രസ് (എസ്) ആയി. അതിലെ പ്രബല വിഭാഗം എന്‍.സി.പി ആയി. കഴിഞ്ഞ നിയമസഭയില്‍ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരുന്ന എന്‍.സി.പി ഇത്തവണ രണ്ടായി ചുരുങ്ങി. ജോസ് കെ മാണി തന്റെ പിതാവ് അര നൂറ്റാണ്ട് പ്രതിനിധീകരിച്ച മണ്ഡലത്തിന് വേണ്ടി ഉന്നയിച്ച അവകാശവാദം മുന്നണി സ്വീകരിച്ചതോടെയാണ് പാലാ എം.എല്‍.എ മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടത്.

78 കാരനായ ശശീന്ദ്രന്‍ 1980 മുതല്‍ ആറ് തവണ എം.എല്‍.എ ആയിട്ടുണ്ട്. 2006-ല്‍ കരുണാകരനൊപ്പം ഡി.ഐ.സിയില്‍ നിന്നും പാര്‍ട്ടിയിലെത്തിയ സഹോദരന്‍ തോമസ് ചാണ്ടിക്കൊപ്പമായിരുന്നു തോമസ് കെ തോമസ്. പലവിധ സംഭാവനകള്‍ കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ ശേഷം സഹോദരനെ പിന്തുടര്‍ന്നാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എത്തുന്നത്.

മഹാരാഷ്ട്രയിലെ പിളര്‍പ്പിന് ശേഷം പവാറിനൊപ്പമുള്ള എം.എല്‍.എമാരുടെ എണ്ണം 78-ല്‍ നിന്നും മൂന്ന് ആയെങ്കിലും പാര്‍ട്ടിയുടെ പേരില്‍ രണ്ടക്ഷരം കൂടി എന്‍.സി.പി (എസ്.പി) ആയി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ക്‌ളോക്ക് ചിഹ്നവും നഷ്ടമായി. ഇപ്പോള്‍ കുഴലൂതുന്ന മനുഷ്യനാണ് ചിഹ്നം. ഈ ചിഹ്നത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശീന്ദ്രന്‍ ഉണ്ടാവില്ല എന്നും അപ്പോള്‍ എലത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കും എന്നും സൂചനയുണ്ട്. സി.പി.എമ്മിന് താല്‍പര്യമില്ലാത്ത തോമസിന്റെ കാര്യവും ചോദ്യചിഹ്നമാണ്. എണ്‍പത് കടന്ന കോണ്‍ഗ്രസ് (എസ് ) പ്രതിനിധി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത തിരഞ്ഞടുപ്പില്‍ മത്സരിക്കുമോ എന്ന് സംശയമാണ്. അങ്ങനെ വന്നാല്‍ അതോടെ ഇടതു മുന്നണിയിലെ കോണ്‍ഗ്രസ് ധാരയുടെ വംശനാശവും സംഭവിക്കും.

മുഖ്യമന്ത്രിയുടേയും സി.പി.എം സംസ്ഥാന ഘടകത്തിന്റെയും മനസിലിരുപ്പ് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയില്‍ പ്രകാശ് കാരാട്ട് തന്നെ ശരദ് പവാറിനെ അറിയിച്ച സാഹചര്യത്തില്‍ മന്ത്രിമാറ്റം വേണോ മന്ത്രിതന്നെ ഇല്ലാതിരിക്കണോ എന്ന ചോദ്യം എന്‍.സി.പി നേതൃത്വത്തെ കുഴക്കുന്നതാണ്.

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാനാവാത്ത സാഹചര്യത്തില്‍ രോഷാകുലനാണ് ചാക്കോ. കോണ്‍ഗ്രസില്‍ നിന്നും 2021 ല്‍ എന്‍.സി.പിയിലെത്തി 3 കൊല്ലമായി താന്‍ അലങ്കരിക്കുന്ന അദ്ധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം എന്നും സൂചനയുണ്ട്. ഒപ്പം ചാക്കോയുടെ വാക്കിന് പഴയ കീറച്ചാക്കിന്റെ വില പോലും ഇല്ലാതായെന്ന് എതിരാളികളും പരിഹസിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments