കാരൂര്‍ സോമന് (ചാരുംമൂടന്)
ആര്‍ഷഭാരതത്തിന്റെ സാംസ്കാരിക പൈതൃക വേരുകളില്‍ പ്രധാനമാണ് വിദ്യാഭ്യാസ വികസനം.ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയം നടത്തുന്നത്. ഇപ്പോള്‍ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നു. മതേതര ഇന്ത്യയുടെ മാതോത്മുഖ ജീവിത വീക്ഷണത്തിലും ഈ ചോര്‍ച്ച കാണാം. ഇതിന് നേതൃത്വം നല്‍കുന്നത് ജാതി-മത-ജനപ്രതിനിധികളും ഭരണാ ധിപന്മാരുമാണ്. ട്യുണീഷ്യയുടെ ദുര്‍ഭരണത്തിനെതിരെ 2010-ല്‍ ആരംഭിച്ച അറബ് വസന്തം അല്ലെങ്കില്‍ മുല്ലപ്പൂവിപ്ലവം ഈജിപ്ത് തുടങ്ങി പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കാറ്റടിച്ചും കൊടുംങ്കാറ്റ് വിതച്ചും ധാരാളം മനുഷ്യജീവന് പൊലിഞ്ഞു. ഈ കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് ആഞ്ഞടിക്കുമോ?
നമ്മുടെ രാജ്യത്ത് അധികാരമുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭോഗ്യവസ്തു മധുരമധുരമായി വിഴുങ്ങുക മാത്രമല്ല ഇഷ്ടക്കാര്‍ക്ക് വീതിച്ചു് ചോര്‍ത്തി കൊടുത്തതാണ് ചോദ്യ പേപ്പറിലും കണ്ടത്. ഈ പ്രവണത ഒരു പൗരനോ, വിദ്യാര്‍ത്ഥിക്കോ ഒരു ക്ഷേമ രാഷ്ട്രം പടുത്തുയര്‍ത്താനോ ഐശ്യര്യമുള്ള ജീവിതം കണ്ടെത്താനോ സാധിക്കില്ല. മിടുക്കരായ കഷ്ടപ്പെട്ട് പഠിച്ചുവരുന്ന കുട്ടികളെക്കൂടി മലിനപ്പെടുത്തുന്ന, പരിഹസിക്കുന്ന, പഠിക്കാത്തവനെ പ്രോല്‍സാ ഹിപ്പിക്കുന്ന, പൊതുവിദ്യാഭ്യാസത്തെ താറുമാറാക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. എന്തുകൊണ്ടാണ് കേരളത്തിലെ വിജ്ഞാനോല്പാദന മേഖലകളില്‍ ഇതുപോലുള്ള ജീര്‍ണ്ണതകള്‍ അടിക്കടി സംഭവിക്കുന്നത്?
നാട്ടിലെ പാവപ്പെട്ട കുട്ടികളാണ് പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ ആശ്രയിക്കുന്നത്. അവരുടെ ആത്മവിശ്വാസം എന്നത് അവര്‍ കഷ്ടപ്പെട്ടും ഉറക്കളച്ചും പഠിച്ച പഠനങ്ങളാണ്.
കുട്ടികളില്‍ അറിവ്, ആദരം, സ്നേഹം,അച്ചടക്കം,സത്യസന്ധത,ജീവിതമൂല്യങ്ങള്‍,ദേശാഭിമാനമെല്ലാം വളര്‍ത്തി അവരെ കര്‍മ്മനിരതരാ ക്കുന്ന അധ്യാപകരില്‍ ചിലര്‍ അധികാരം കയ്യില്‍ കിട്ടിയാല്‍ കക്കാത്തവനും കക്കും എന്നതുപോലെ ചോദ്യ പേപ്പര്‍ അടുപ്പക്കാര്‍ക്ക് ചോര്‍ത്തികൊടുത്തു കട്ടുതിന്നുന്നു. ഈ കൂട്ടുകൃഷി പല മേഖലകളിലും നടക്കുന്നു. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ഈ പിന്‍വാതില്‍ കൂടി കടന്നുവന്നവര്‍ ഇതുപോലുള്ള ഹീനമായ പ്രവര്‍ത്തി കള്‍ ചെയ്യുന്നത് കേരളത്തില്‍ ഒരു തുടര്‍ക്കഥയാകുന്നു. അഹിംസ ആയുധമാക്കിയാണ് ഗാന്ധിജി സമരങ്ങള്‍ നയിച്ചത്. നമ്മുടെ കുട്ടികള്‍ ക്ലാസുകള്‍ മുടക്കി സമരം ചെയ്യുന്നു, കൂടെ പഠിക്കുന്നവരെ ആയുധങ്ങളേന്തി ആക്രമിക്കുന്നു, പൊതുമുതല്‍ നശിപ്പിക്കുന്നു, അച്ചടക്കമുള്ള അധ്യാപകരെ ഭീഷണിപ്പെടുത്തുന്നു, കഞ്ചാവ് വില്‍പ്പന നടത്തുന്നു തുടങ്ങിയ മൃഗീയ പരിപാടികളാണ് ഈ മരമണ്ടന്മാര് പഠനകാലത്തു് ചെയ്യുന്നത്. വിദേശ ത്തുള്ള കലാലയങ്ങളില്‍ ഇതുപോലുള്ള കായിക പരിപാടികള്‍ കാണാറില്ല.
ഇവര്‍ക്ക് തുണയായി ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുക്കാനും, പരീക്ഷ പാസ്സാകാനും സര്‍ക്കാര്‍ തൊഴില്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്താനും മുന്നിട്ട് വരുന്നത് രാഷ്ട്രീയ ഭരണകൂടങ്ങളാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഗുണ്ടാവിളയാട്ടം നടത്തി വന്നവരൊക്കെ സമത്വസുന്ദരമായ ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാറില്ല. ഇങ്ങനെ മത രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ പെരുകുന്നു. തന്മൂലം ഏറ്റവും ഉന്നത നിലവാരമുള്ള നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ദൈനം ദിനം തകരുന്നു. ഇത് കേരളത്തില്‍ കണ്ടുകൊ ണ്ടിരിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ്. സ്കൂള്‍ പാഠപുസ്തകങ്ങള്‍ പഠിക്കാതെ ചോദ്യ പേപ്പര്‍ ചോര്‍ത്തി വിജയം നേടുക എന്നത് കള്ളനും കാവല്‍ക്കാരനും ഒന്നാണെങ്കില് രാപകല്‍ മുഴുവന്‍ കക്കാം എന്ന നില യില്‍ വിദ്യാഭ്യാസത്തെ ഒരു രാഷ്ട്രീയ അജണ്ടയായി മാറ്റുന്നു. അച്ചടക്കമുള്ള കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ഈ വിപത്തിനെ സമചിത്തതയോടെ നോക്കി തിരുത്തല്‍ വരുത്തേ ണ്ടത് ആരാണ്?
കുട്ടികളില്‍ അച്ചടക്കം, വിനയം, പക്വത, അനുസരണ, ബഹുമാനത്തിന് പകരം അവരില്‍ അഹന്ത, അഹംങ്കാരം,ആക്രമം വളര്‍ത്തിയത് രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് തണലായി നില്ക്കുന്ന അധ്യാപക സംഘ ടനകളുമാണ്.
മഹനീയ സേവനമെന്ന പേരില്‍ നടത്തുന്ന സംഘടനകള്‍ പലപ്പോഴും സാമൂഹിക ഉത്തരവാദിത്വ ങ്ങള് ഏറ്റെടുക്കാറില്ല.ഈ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഇവര്‍ എന്താണ് ചെയ്തത്?പഠിക്കാതെ പരീക്ഷ പാസ്സാ യവന് മറ്റുള്ളവരെ ബഹുമാനിക്കാനോ, സ്നേഹപുര്‍വ്വം, പക്വതയോടെ പ്രശ്നങ്ങളെ നേരിടാനോ സാധിക്കില്ല. അറിവ് വേണമെങ്കില്‍ ക്ലാസ്സിലിരുന്ന് ഗുരുക്കന്മാര് പഠിപ്പിക്കുന്നത് ശ്രദ്ധയോടെ കേള്‍ക്കണം. (ഇന്നത്തെ ഭൂരിഭാഗം അധ്യാപകരും ചോദ്യങ്ങളെ ഭയക്കുന്നവരാണ്) അത് കേള്‍ക്കാതെ ക്ലാസ്സിന് പുറത്തു് ഇങ്കിലാബ് സിന്ദാബാദ് വിളിക്കാന്‍ പോയാല്‍ അറിവിന്റെ കണ്ണുകള്‍ തുറക്കപ്പെടില്ല. ഉള്ളില്‍ അഹന്ത, അഹംങ്കാരം കാടുപോലെ വളര്‍ന്ന് അധികാരത്തിന്റെ ബാഹ്യസൗന്ദര്യങ്ങളില്‍ അഭിരമിച്ചു് ഗുരുശിഷ്യ ബന്ധങ്ങളെ, സാമൂഹ്യ ബന്ധങ്ങളെ പ്രതികാര ബുദ്ധിയോടെ കാണുന്ന ഒരു തലമുറയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല.
സമൂഹത്തില്‍ പരസ്പര വിദ്വേഷം വളര്‍ത്തുകയല്ല വിദ്യാഭ്യാസത്തിന്റ ലക്ഷ്യം മറിച്ചു് ഒരു കുട്ടി ജീവിത പ്രതിസന്ധികളെ നേരിടാനും, ഭാവി സുരക്ഷ, പുരോഗതി പ്രാപിക്കാനുള്ള ആത്മധൈര്യം വളര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ അധികാരവര്‍ഗ്ഗത്തിന്റെ അടിമ വര്‍ഗ്ഗ സേവകരായി മാറിയാല്‍ വീട്ടിലും നാട്ടിലും പത്തിവിരിച്ചാടുന്ന വിഷ പാമ്പുകളായി മാറും.വിദ്യാര്‍ത്ഥികളെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി ആരൊക്കെ താലോലിച്ചു വളര്‍ത്തി യാലും കാലം അവരെ പിഴുതെറിയുമെന്ന് മറക്കരുത്. ജാതിമത രാഷ്ട്രീയത്തിന്റെ മറവില്‍ സമൂഹത്തിന്റെ മുക്കിലും മൂലയിലും ഇവരെ വഷളന്മാരായി വളര്‍ത്തുന്നത് മാതാപിതാക്കളോ, അധ്യാപകരോ, അതോ ഭരണകൂ ടങ്ങളോ?
പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ജനപ്രതിനിധിയെ കണ്ടെത്തുന്നത് ജാതി മതം നോക്കിയല്ല അതിലുപരി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ്. അവര്‍ക്ക് മാത്രമേ പൊതുസമൂഹത്തെ കാര്യക്ഷമതയോട് നയിക്കാന്‍ സാധിക്കു ഇല്ലെങ്കില്‍ പരീക്ഷ ചോര്‍ച്ചപോലെ ചേട്ടന്റനുജന്‍ കോന്തക്കുറു പ്പായി തുടരും. മതേതര ഇന്ത്യയുടെ സമ്പന്ന സംസ്കാരം മുടിഞ്ഞാലും താണുവണങ്ങി മുന്നേറാനാണ് ഈ കൂട്ടരുടെ ശ്രമം. ഇതിന് കാരണം പഠിക്കുന്ന കാലം അജ്ഞാനമാകുന്ന അന്ധകാര വഴിയിലൂടെ സഞ്ചരിച്ച താണ്. പത്താം നൂറ്റാണ്ടില്‍ നമ്പൂതിരിമാരുടെ ആധിപത്യം എങ്ങനെ കൊടികുത്തിവാണുവോ അതുപോലെ വിദ്യാലയങ്ങളില്‍ സംഘടനകളായി, അധ്യാപകര്‍ തലതൊട്ടപ്പന്മാരായി, ഊരാളന്മാരും പൂജാരികളുമായി വാഴുന്നു. കഠിനാദ്ധ്വാനമില്ലാത്ത ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഭാവിയുടെ വാഗ്ദാനങ്ങളെന്ന് പറയാന്‍ സാധിക്കും?
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ മാര്‍ച്ചും, സംഘര്‍ഷവും പോലീസ് ജലപീരങ്കിയും അറസ്റ്റിലുമെത്തിയിരിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന ക്രൈം ബ്രാഞ്ച് അന്വേഷണങ്ങള്‍ പ്രഹസനമെന്നും ആരോപിക്കുന്നു.സ്വന്തം പോലീസിനെ മന്ദഹാസം പൊഴി ച്ചുകൊണ്ടോ സ്നേഹവായ്പ്പോടെയോയല്ല കേരള ജനത കാണുന്നത് മറിച്ചു് അസ്വസ്ഥതയോടെയാണ്. പരീക്ഷ പേപ്പര്‍ ചോര്‍ത്തി പിന്‍വാതില്‍ നിയമനം വാങ്ങി വന്നവര്‍ നീതിപൂര്‍വ്വം കേസ് അന്വേഷിക്കില്ലെന്നവര്‍ വിശ്വസി ക്കുന്നു. ഇങ്ങനെ അധികാരികളുടെ ഉപഹാരങ്ങള്‍ സ്വീകരിച്ചുപോകുന്നവര്‍ നിയമവകുപ്പില്‍ മാത്രമല്ല എല്ലാം രംഗത്തും സാംസ്കാരിക രംഗത്തും കാണാനുണ്ട്.
കൊട്ടാരം എഴുത്തുകാര്‍ മന്ദസ്മിതത്തോടെ എത്രയോ പുരസ്കാരങ്ങള്‍ സര്‍ക്കാര്‍ കിളിവാതിലിലൂടെ ശിരസ്സാ ഏറ്റുവാങ്ങുന്നു. അതേറ്റുവാങ്ങാന്‍ അവരെ യോഗ്യരാ ക്കുന്നത് അധികാരസ്തുതിയും ജാതിമത രാഷ്ട്രീയ പ്രീണനങ്ങളാണ്. അധികാരികളുടെ ഫ്യൂഡല്‍ പ്രവര്‍ത്തി കളെ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല എന്നതാണ് ഈ ആധുനിക സാഹിത്യ സഹകരണ സംഘത്തിലെ വ്യവസ്ഥ. സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന എഴുത്തുകാരും, സത്യത്തിലും, നീതിയിലും, അച്ചടക്കത്തിലും പരീക്ഷ യെഴുതി വിജയം വരിച്ചവരും ഇതെല്ലാം കണ്ട് നെറ്റിചുളിക്കാനെ മാര്‍ഗ്ഗമുള്ളു.സമൂഹത്തില്‍ നടക്കുന്ന ഈ മൂല്യച്യുതികളെ പുനഃപരിശോധിക്കാന്‍ ഈ രംഗത്തുള്ളവര്‍ എന്താണ് തയ്യാറാകാത്തത്?
പത്താം ക്ലാസ്സിലെയും പ്ലസ് വണ്ണിലെ കുട്ടികള്‍ക്കായി ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ഒരു പറ്റം കയര്‍ വിട്ട ജാതി രാഷ്ട്രീയ കാളകളും കൈവിട്ട് കളിക്കുന്ന സോഷ്യല്‍ മീഡിയ കാളകുട്ടികളും ചേര്‍ന്നുള്ള കച്ചവടമെന്നാണ് മാധ്യമ വാര്‍ത്തകള്‍.വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിന്റെ കീഴില്‍ ആറംഗ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടു. ഇതൊക്കെ തൊള്ള തൊടാതെ വിഴുങ്ങാന്‍ കഷ്ട പ്പെട്ട് പഠിച്ച കുട്ടികള്‍ തയ്യാറല്ല. ആര് ഭരിച്ചാലും കണ്ടുവരുന്നത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ കുറ്റം ചെയ്ത കള്ളന് കഞ്ഞിവെക്കുന്നവനെയെല്ലാം ആദ്യം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തും. മാസങ്ങള്‍ കഴിയു മ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണയെന്ന ഭാവത്തില്‍ ഉദ്യോഗകയറ്റം കിട്ടി കടന്നുവരുന്നത് കണ്ടാല്‍ തോന്നുക ഈ രംഗത്തുള്ളവരുടെ തലമുടിയിലും ജ്ഞാനമുണ്ടെന്നാണ്.ഇങ്ങനെ നമ്മുടെ സാമൂഹ്യ സാംസ്കാ രിക വിദ്യാഭ്യാസ രംഗം എത്രയോ പുരോഗതി പ്രാപിച്ചിരിക്കുന്നു.
എല്ലാം കണ്ടുമടുത്ത കുട്ടികള്‍ തുടര്‍ പഠന ത്തിന് കേരളത്തോട് വിടപറയുന്നു. മന്ത്രിക്ക് വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്ന് വിശ്വാസമുണ്ടെങ്കില്‍ ഈ വിപത്തിന് കൂട്ടുനിന്നവര്‍ക്കെല്ലാം ക്രിസ്മസ് മധുരം നല്‍കേണ്ടത് ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലാണ്. പാവങ്ങളുടെ നികുതിപണം കൊടുത്തു് എന്തിനാണ് ഈ വെള്ളാനകളെ തീറ്റിപോറ്റുന്നത്? ശാസ്ത്ര സത്യ ത്തിലും, അറിവിലും വിശ്വസിക്കുന്നവര്‍ക്ക് ജാതി മത രാഷ്ട്രീയ വിശ്വാസത്തെക്കാള്‍ വലുത് ജ്ഞാനമാണ്. വിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമത പഠിക്കാന്‍, സാമൂഹ്യ പൊതുബോധം പഠിക്കാന്‍ സഖാവ് എം.എ.ബേബി യുടെ ‘അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം’ എന്ന കൃതി പഠിക്കാന്‍ കൊടുക്കുക, കേരള വിദ്യാഭ്യാസത്തെ വീണ്ടെടുക്കുക.