Sunday, February 23, 2025

HomeMain Storyജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമിച്ച ഡോക്ടര്‍ കടുത്ത ഇസ്ലാം വിമര്‍ശകന്‍

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമിച്ച ഡോക്ടര്‍ കടുത്ത ഇസ്ലാം വിമര്‍ശകന്‍

spot_img
spot_img

ബര്‍ലിന്‍: ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിക്കുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ലോകമെമ്പാടും ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഈ ദാരുണ ആക്രമണത്തിന് പിന്നില്‍ അറസ്റ്റിലായ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ്.

പിടിയിലായ 50 വയസുകാരനായ താലിബ് അബ്ദുല്‍ മുഹ്സിന്‍ ‘എക്സ് മുസ്ലിം’ ആണെന്നും ഇസ്ലാമിന്റെ കടുത്ത വിമര്‍ശകനാണെന്നും ജര്‍മ്മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ പിന്തുണക്കാരനാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈക്യാട്രിയിലും സൈക്കോ തെറാപ്പിയിലും സ്പെഷലിസ്റ്റാണ് ഇയാള്‍.

1974-ല്‍ സൗദി അറേബ്യയിലെ ഹഫൂഫ് നഗരത്തില്‍ ജനിച്ച താലിബ്, 2006-ല്‍ ജര്‍മ്മനിയില്‍ സ്ഥിര താമസ അനുമതി നേടി. പിന്നീട് 2016-ല്‍ അഭയാര്‍ഥിയായി അംഗീകരിക്കപ്പെട്ടു. സൗദി അറേബ്യയില്‍ ഇസ്ലാമിനെ വിമര്‍ശിക്കാനുള്ള ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയില്‍ എത്തിയ ശേഷം, എക്സ് മുസ്ലിംകളെ സൗദിയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്നതിനായി ‘വീ ആര്‍ സൗദി’ എന്ന വെബ്‌സൈറ്റ് താലിബ് സ്ഥാപിച്ചു.

മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി സൗദി അറേബ്യയുടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നയാളാണ് താലിബ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ജര്‍മനി താലിബിനെ സൗദി അറേബ്യയിലേക്ക് കൈമാറാന്‍ വിസമ്മതിക്കുകയും അഭയം നല്‍കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് സംസാരിച്ച പ്രാദേശിക ഭരണാധികാരി റെയ്‌നര്‍ ഹേസെലോഫ്, താലിബ് ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്നും അതിനാല്‍ കൂടുതല്‍ ഭീഷണികളില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഒരു കറുത്ത ബിഎംഡബ്ല്യു കാര്‍ ക്രിസ്മസ് മാര്‍ക്കറ്റിലൂടെ 400 മീറ്ററിലധികം ദൂരം ആളുകളെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് തോക്കുകള്‍ ചൂണ്ടി താലിബിനെ കീഴടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംഭവത്തെ അപലപിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുശോചനം അറിയിച്ചു. ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്‌റ്റൈന്‍മിയര്‍ ”സമാധാനപരമായ ഒരു ക്രിസ്മസിനായുള്ള കാത്തിരിപ്പ് പെട്ടെന്ന് തടസ്സപ്പെട്ടു…” എന്ന് പ്രസ്താവിച്ചു. വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ നേതാവ് ആലീസ് വീഡലും ആക്രമണത്തെ അപലപിച്ചു.

സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ജര്‍മ്മന്‍ ജനതയ്ക്കും ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അക്രമത്തെ തള്ളിക്കളയുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments