Monday, December 23, 2024

HomeMain Story2025 മഹാജൂബിലി: വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറന്നു

2025 മഹാജൂബിലി: വത്തിക്കാനില്‍ പുതിയ തപാല്‍ ഓഫിസ് തുറന്നു

spot_img
spot_img

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും 2025 ജൂബിലിക്കായി എത്തുന്ന ആളുകള്‍ക്കായി, പുതിയ തപാല്‍ ഓഫിസ് തുറന്നു. വത്തിക്കാന്‍ രാജ്യത്തിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗാസ് അല്‍സാഗയും, ഇറ്റാലിയന്‍ തപാല്‍ വിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്‌കോയും ഗവര്‍ണറേറ്റ് സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ റാഫേല്ല പെട്രിനിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇറ്റാലിയന്‍ തപാല്‍ വിഭാഗമാണ് ഈ പുതിയ ഓഫീസ് സംഭാവനയായി നല്‍കിയത്.

ജൂബിലി ആഘോഷങ്ങള്‍ക്കായി വത്തിക്കാനില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും മറ്റു വിനോദസഞ്ചാരികള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ നിന്നുള്ള ആശംസകള്‍ അയക്കുന്നതിനും ഈ തപാല്‍ സേവനം ഏറെ സഹായകരമാകും. വത്തിക്കാന്‍ ചത്വരത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അംഗവൈകല്യമുള്ളവര്‍ക്കു സേവനം പ്രയോജനപ്പെടുത്തുന്നതിനു, പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വത്തിക്കാന്റെ പ്രത്യേക സ്റ്റാമ്പുകള്‍, കവറുകള്‍, കാര്‍ഡുകള്‍ എന്നിവ ഇവിടെ നിന്ന് തന്നെ വാങ്ങി, ആശംസകള്‍ രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുവാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനില്‍ മൂന്നര കോടിയോളം ആളുകള്‍ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 ജൂബിലി വര്‍ഷം ഏറ്റവും മികച്ച രീതിയില്‍ ഒരുക്കണമെന്നതാണ് പാപ്പയുടെ പ്രഥമ പരിഗണനയെന്ന് നവ സുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലാ പറഞ്ഞു.

2015ല്‍ ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിച്ച കാരുണ്യത്തിന്റെ അസാധാരണ വിശുദ്ധ വര്‍ഷത്തിനു ശേഷം, വരാനിരിക്കുന്ന ജൂബിലി, ഓരോ ജൂബിലി വര്‍ഷങ്ങള്‍ക്കിടയില്‍ 25 വര്‍ഷത്തെ ഇടവേള നല്‍കാനുള്ള മാനദണ്ഡത്തിന് അനുസൃതമായാണ് നടക്കുന്നത്. ലോകവും കത്തോലിക്കാ സഭയും പുതിയ സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്ത 2000-ത്തിലാണ് ഇതിന് മുമ്പുള്ള സാധാരണ ജൂബിലി നടന്നത്.

ജൂബിലി വര്‍ഷം കൃപയുടെ ഒരു പ്രത്യേക വര്‍ഷമാണ്, അതില്‍ വിശ്വാസികള്‍ക്ക് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കാനുള്ള സാധ്യത സഭ പ്രദാനം ചെയ്യുന്നു. പരമ്പരാഗതമായി, ജൂബിലി വര്‍ഷം ക്രിസ്തുമസ്സിന് തൊട്ടുമുമ്പ് ആരംഭിച്ച് അടുത്ത വര്‍ഷത്തെ പ്രത്യക്ഷീകരണത്തിരുന്നാളിലാണ് അവസാനിക്കുക.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതില്‍ തുറക്കുന്ന ചടങ്ങോടെയാണ് പാപ്പാ വിശുദ്ധ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നത്. അതിനുശേഷം, മറ്റ് പേപ്പല്‍ ബസിലിക്കകളായ – സെന്റ് ജോണ്‍ ലാറ്ററന്‍, റോമ നഗരത്തിന്റെ മതിലിന് വെളിയിലുള്ള സെന്റ് പോള്‍, സെന്റ് മേരി മേജര്‍ എന്നിവയുടെ വിശുദ്ധ വാതിലുകള്‍ തുറക്കുകയും ജൂബിലി വര്‍ഷാവസാനം വരെ അങ്ങനെ സൂക്ഷിക്കുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments