ബീജിംഗ്: തായ് വാന്‍ അമേരിക്ക ആയുധം നല്‍കിയതിനെതിരേ മുന്നറിയിപ്പുമായിചൈന . തീ കൊണ്ട് കളിക്കരുതെന്നുചൈനീസ് അധികൃതർ വ്യക്തമാക്കി. 571 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അംഗീകാരം നൽകിയതിനു പിന്നാലെയായിരുന്നു ചൈനീസ് പ്രതികരണം.പ്രതിരോധ ഉൽപ്പന്നങ്ങളുടെ കൈമാറ്റവും സേവനവും സൈനിക പരിശീലനവുമെല്ലാം ഇടപാടിന്റെ ഭാഗമാണ്. തയ്വാൻ സ്വന്തം ഭാഗമാണെന്നാണു ചൈന അവകാശപ്പെടുന്നത്. തായ് വാന്‍ ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയംപ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത്തരം അപകടകരമായ നീക്കങ്ങൾ മേഖലയിലെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽനിന്നുള്ള ഭീഷണി നേരിടാനാണു യുഎസ് തയ്വാന് ആയുധങ്ങൾ നൽകുന്നത്. ആയുധങ്ങൾ നൽകിയതിനു തയ്വാൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.രണ്ടു ബില്യൻ ഡോളറിന്റെ ഭൂതല-വ്യോമ മിസൈൽ സംവിധാനത്തിന്റെ കരാറിൽ ഇരു രാജ്യങ്ങളും ഒക്ടോബറിൽ ഒപ്പിട്ടിരുന്നു. മേഖലയിലെ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ഈ മാസം ആദ്യം തായ് വാൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നതാണ്. തന്റെ ഭരണകാലത്ത് ചൈനീസ് അധിനിവേശമുണ്ടായാൽ സംരക്ഷണം നൽകുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സംരക്ഷണത്തിന് പണം വേണമെന്നാണ് ട്രംപിന്റെ നിലപാട്.