ന്യൂയോർക്ക്: നാസയുടെ സൗര ദൗത്യമായ ‘പാർക്കർ ‘ സൂര്യന് ഏറ്റവും അടുത്ത് എത്തുന്നു. നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളർ പ്രോബ് അതിൻ്റെ ഏറ്റവും മികവാർന്ന പ്രയാണം 24 ന് ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനു ശേഷം നടത്തും. സൂര്യന്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമിത വസ്തുവെന്ന ഖ്യാതി നേരത്തേ നേടിയിട്ടുള്ള പാർക്കർ ഇന്ന് കൂടുതൽ അടുത്തെത്തും.
സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്ററിൽ താഴെ ദൂരത്തിൽ ഇന്ന് ദൗത്യം എത്തും. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗ്രഹമായ ബുധനുമായുള്ള ദൂരത്തിൻ്റെ എട്ടിലൊന്നിൽ കുറവായിരിക്കുമത്സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലൂടെ പാർക്കർ സഞ്ചരിക്കും. 1400 ഡിഗ്രി സെൽഷ്യസ് താപനില അതിജീവിച്ചാകും പാർക്കറിന്റെ ഇന്നത്തെ സാഹസികയാത്ര. നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം താപപ്രതിരോധം നൽകും.
നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ ശുക്രന്റെ ഗുരുത്വബലം സഹായിച്ചിരുന്നു. സൂര്യനടുത്ത് മണിക്കൂറിൽ ഏഴു ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്ക് പാർക്കറിന്റെ വേഗം ഉയർന്നിരുന്നു.
.മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്. യുഎസിലെ ഷിക്കാഗോ സർവകലാശാലയിൽ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ദൗത്യത്തിന് ഈ പേര് നൽകിയത്.