Wednesday, February 5, 2025

HomeAmericaപീറ്റർ കുളങ്ങര ഫോമാ കേരളാ കൺവെൻഷൻ ചെയർമാൻ

പീറ്റർ കുളങ്ങര ഫോമാ കേരളാ കൺവെൻഷൻ ചെയർമാൻ

spot_img
spot_img

ഷോളി കുമ്പിളുവേലി – ഫോമാ ന്യൂസ് ടീം

ചിക്കാഗോ: അമേരിക്കൻ മലയാളി- സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ പ്രമുഖനും, ഫോമയുടെ മുതിർന്ന നേതാവുമായ പീറ്റർ കുളങ്ങരയെ ഫോമയുടെ 2025 കേരളാ കൺവെൻഷൻ ചെയർമാനായി തെരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു .2025 കോട്ടയത്തുവെച്ചായിരിക്കും ഫോമാ കേരളാ കൺവെൻഷൻ നടക്കുക .തികഞ്ഞ സംഘടനാ പ്രവർത്തകനും ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുകയും ചെയ്യുന്ന പീറ്റർ കുളങ്ങര അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്.

കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും ചിന്നമ്മ മാത്യുവിന്‍റേയും മകനായ പീറ്റർ കുളങ്ങര അമേരിക്കയിലെ മലയാളി സംഘടനകളിൽ നിറസാന്നിധ്യമാണ് .ചിക്കാഗോ കെ.സി. എസിന്റെ ട്രഷറർ , വൈസ് പ്രസിഡന്റ്, കെ.സി. സി. എൻ. എ, ആർ വി പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്ന് ഫോമ ആർ. വി.പി. നാഷണൽ കൗൺസിൽ മെമ്പർ ,ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ , ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പർ, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരൻ (ട്രസ്റ്റി) 2010 മുതൽ പള്ളിയുടെ ഫ്യൂണറൽ കോ- ഓർഡിനേറ്റർ എന്നീ നിലകളിലും പീറ്റർ കുളങ്ങര തന്റെ നേതൃപാടവം തെളിയിച്ചു.

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സജീവ പ്രവർത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായി മാറി. സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ 25 വീടുകൾ കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുവാൻ അദ്ദേഹം മുന്നിട്ട് പ്രവർത്തിച്ചു . സാമൂഹ്യ പ്രവർത്തകയായ സുനിൽ ടീച്ചറുമായി ചേർന്ന് ഇവയിൽ 11 വീടുകൾ പീറ്റർ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്.

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വടം വലി മത്സരം നടത്തുമ്പോൾ അതിന്റെ അമരത്ത് പീറ്റർ കുളങ്ങരയുണ്ടായിരുന്നു.ആദ്യത്തെ കോവി ഡ് കാലത്ത് വീട്ടിലകപ്പെട്ട സമയത്ത് സുഹൃത്തുക്കളുമായി സൂമിൽ വൈകിട്ട് സംസാരിക്കുന്നതിനിടെ ‘ചിയേഴ്‌സ്‌ ക്ലബ്ബ് ‘ എന്ന ഒരു പ്രസ്ഥാനത്തിന് പീറ്റർ കുളങ്ങരയും കൂട്ടുകാരും തുടക്കമിട്ടത് .

തുടർന്ന് ചിയേഴ്‌സ്‌ ക്ലബ്‌ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് മാറുകയായിരുന്നു. ഒരു വിനോദം വലിയൊരു നന്മയായി മാറുന്നത് അങ്ങനെയാണ്. തുടർന്ന് ഈ കൂട്ടായ്മയ്ക്ക് കീഴിൽ കോവിഡ് കാലത്ത് നാട്ടിൽ ഭക്ഷണം വിതരണം ചെയ്യുകയും, 10 ആധുനിക തയ്യൽ മെഷീനുകൾ സ്ത്രീകൾക്കായി വിതരണം ചെയ്യുകയും ചെയ്തു.ഫോമയുടെ നേതൃത്വത്തിൽ നൂറിലധികം ഇലക്ട്രോണിക് വീൽ ചെയറുകൾ,മുച്ചക്ര സ്‌കൂട്ടറുകൾ ഭിന്നശേഷിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും കോട്ടയത്തുവെച്ച് വിതരണം ചെയ്തിരുന്നു .അടുത്ത വീൽ ചെയർ വിതരണം ജനുവരിയിൽ കാസർകോട്ട് വെച്ച നൽകും .

കേരള കൺവെൻഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പീറ്റർ കുളങ്ങരയെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും, ആശംസകൾ നേരുകയും ചെയ്തു.
പീറ്റർ കുളങ്ങര ഏറ്റെടുത്ത പദ്ധതികളെല്ലാം വൻ വിജയമായ ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഫോമാ കേരള കൺവെൻഷൻ ഒരു ചരിത്രവിജയമാകുമെന്നു തനിക്കുറപ്പുണ്ടെന്നു ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments