ഗസ്സ സിറ്റി: ഗസ്സയില്‍ അതിശൈത്യത്തില്‍ മൂന്ന് നവജാതശിശുക്കള്‍ തണുത്ത് മരിച്ചു. തെക്കന്‍ ഗസ്സയിലെ അല്‍ മവാസി അഭയാര്‍ഥി ക്യാമ്പിലാണ് 48 മണിക്കൂറിനിടെ കുട്ടികള്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ ബുര്‍ഷ് അറിയിച്ചു.
ഗസ്സയിലെ കുറഞ്ഞ താപനിലയും അഭയാര്‍ഥി ക്യാമ്പിലെ വീടുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
മരിച്ച മൂന്ന് ആഴ്ച മാത്രം പ്രായമുള്ള സില മഹമ്മൂദ് അല്‍ ഫസീഹ് സുഖപ്രസവത്തില്‍ ജനിച്ച ആരോഗ്യമുള്ള കുഞ്ഞായിരുന്നെന്നും ടെന്റിലെ അതിശക്തമായ തണുപ്പില്‍ ആരോഗ്യനില മോശമാവുകയായിരുന്നെന്നും ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയുടെ കുട്ടികളുടെ വാര്‍ഡിന്റെ ഡയറക്ടറായ അഹമദ് അല്‍ ഫറ പറഞ്ഞു.
റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അല്‍ മവാസിയില്‍ കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം. കുടുംബം ഇവിടെ മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്ന് സിലയുടെ പിതാവ് മഹമൂദ് അല്‍ ഫസീഹ് പറഞ്ഞു. മണലിലാണ് കിടന്നുറങ്ങുന്നതെന്നും ആവശ്യത്തിന് പുതപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.