Wednesday, February 5, 2025

HomeAmericaഎം ടിയുടെ നിര്യാണത്തില്‍ ചിക്കാഗോ സാഹിത്യവേദിയുടെ അനുശോചനം

എം ടിയുടെ നിര്യാണത്തില്‍ ചിക്കാഗോ സാഹിത്യവേദിയുടെ അനുശോചനം

spot_img
spot_img

ചിക്കാഗോ: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരനും ജ്ഞാനപീഠം പുരസ്‌കാര ജേതാവുമായ ശ്രീ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ചിക്കാഗോ സാഹിത്യവേദി അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

സാഹിത്യവേദിയുടെ ചര്‍ച്ചകളില്‍ എം ടി യുടെ കഥകളും കഥാപാത്രങ്ങളും മിക്കപ്പോഴും വിഷയമായിരുന്നു. 1999 മെയ് 7 -നു എം ടി യുടെ കൃതികളെപ്പറ്റി മാത്രമായി സാഹിത്യവേദി ചര്‍ച്ച നടത്തിയിരുന്നു. 2000 ഒക്ടോബര്‍ 12-നു എം ടി-ക്ക് സാഹിത്യവേദി സ്വീകരണം നല്‍കുകയുണ്ടായി. വെസ്റ്റ് മോണ്ടിലെ ഇന്ത്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. അന്നത്തെ യോഗത്തില്‍ അധ്യക്ഷനായിരുന്ന സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ ശ്രീ ജോണ്‍ ഇലക്കാട്ട് എം ടി യുടെ പ്രസംഗം വികാരവായ്‌പോടെ അനുസ്മരിച്ചു. എം ടി യെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത അനുഭവങ്ങള്‍ സാഹിത്യവേദി അംഗങ്ങള്‍ ഇന്നും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നു.

2023 മാര്‍ച്ച് 3 -നു നടന്ന യോഗത്തില്‍ എം ടി യുടെ കാലം എന്ന നോവലിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

സ്വാതന്ത്ര്യാനന്തര കേരളം എം ടി വാസുദേവന്‍നായരുടെ കാലം എന്ന നോവലില്‍ എന്നതായിരുന്നു ചര്‍ച്ചാവിഷയം. എം ടി വാസുദേവന്‍നായരുടെ രചനകള്‍ ആരാധനയോളം പോരുന്ന അനുവാചക ശ്രദ്ധ നേടുന്നത് അവയിലെ ഭാവാത്മകതയുടെ പേരിലാണെന്നും മനുഷ്യജീവിതം വിശിഷ്യാ ദൈനംദിന സാമൂഹ്യ ജീവിതം അവയില്‍ പച്ചയായി പ്രതിപാദിക്കപ്പെട്ടിട്ടില്ല എന്നും ഒരു പൊതു അഭിപ്രായം നിലവിലുണ്ട്. തകഴി, ദേവ് തുടങ്ങിയവര്‍ മുതല്‍ എസ് ഹരിഷ് വരെ ഉള്ളവരുടെ കൃതികളില്‍ കാണുന്ന പച്ചയായ ജീവിത ചിത്രീകരണം എം ടി കൃതികളില്‍ കാണാന്‍ കഴിയില്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്.

എന്നാല്‍ ഈ അഭിപ്രായം ശരിയല്ല എന്നും ഏകാകിയുടെ മനോരാജ്യങ്ങളില്‍ അയാള്‍ ജീവിക്കുന്ന സമൂഹം എല്ലാ സൗന്ദര്യ വൈരൂപ്യങ്ങളോടെയും അനുഭവവേദ്യമാകുന്നു എന്ന് പ്രബന്ധകാരന്‍ ശ്രീ ആര്‍ എസ് കുറുപ്പ് സമര്‍ത്ഥിച്ചു. സ്വാതന്ത്ര്യം കേരള സമൂഹത്തില്‍, വിശേഷിച്ച് മലബാറിലെ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍, അന്നത്തെ യുവതലമുറയുടെ മോഹങ്ങളും മോഹഭംഗങ്ങളും, കാലം എന്ന നോവലില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നുള്ള ഒരു പരിശോധനയാണ് സാഹിത്യവേദിയിലെ ചര്‍ച്ചയായത്.

മലയാള സാഹിത്യത്തിന്റെയും ചലച്ചിത്രത്തിന്റെയും മുടിചൂടാ മന്നനായി വിരാജിച്ച കാലാതിവര്‍ത്തിയായ ഈ യുഗപ്രഭാവന്റെ തിരോധാനത്തില്‍ ലോകമെങ്ങുമുള്ള ഭാഷാസ്‌നേഹികള്‍ക്കൊപ്പം സാഹിത്യവേദി അംഗങ്ങളും ഒരുപിടി കണ്ണീര്‍പൂക്കള്‍ സമര്‍പ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments