ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ 6 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ 10 വർഷങ്ങൾക്കുശേഷം ബോർഡർ ഗവാസ് ട്രോഫിയിൽ മുത്തമിട്ടു. 3-1 പരമ്പര സ്വന്തമാക്കിയാണ് ഓസ്ട്രേലിയ കിരീടം തിരിച്ചുപിടിച്ചത്. 162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 27 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളും അസ്തമിച്ചു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഉസ്മാൻ ഖവാജ 41 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. ട്രാവിസ് ഹെഡ് പുറത്താവാതെ 34 റൺസ് നേടിയപ്പോൾ അരങ്ങേറ്റക്കാരനായ ബ്യൂ വെബ്സ്റ്റർ പുറത്താകാതെ നിന്ന് 39 റൺസ് നേടി ഓസീസ് വിജയം പൂർണമാക്കി.2014-15ലാണ് ഓസീസ് ഇന്ത്യക്കെതിരെ അവസാനം ടെസ്റ്റ് പരമ്പര നേടിയത്. സ്കോര് ഇന്ത്യ 185, 157, ഓസ്ട്രേലിയ 181, 162-4
ആദ്യ ടെസ്റ്റിൽ വിജയത്തോടെ തുടക്കം കുറിച്ച ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിൽ അടിപതറി. രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയ പരമ്പരയിൽ ഒപ്പമെത്തി.
മൂന്നാം ടെസ്റ്റ് മഴമൂലം സമനിലയിൽ പിരിഞ്ഞപ്പോൾ നാലും അഞ്ചും ടെസ്റ്റുകളിൽ വിജയം ഓസ്ട്രേലിയയ്ക്കൊപ്പം നിന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ട്രാവസ് ഹെഡ് ഒരിക്കൽ കൂടി ഓസിസിന്റെ രക്ഷകനാവുകയായിരുന്നു. ഇരു ടീമുകളുടെ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ നായകൻ ജസ്പ്രിത് ബുംറയ്ക്ക് ബോൾ ചെയ്യാനാകാതെ പോയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു .
ആറിന് 141 നിലയിലായിരുന്നു അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ 16 റൺസ് നേടുന്നതിനിടെ അവസാനത്തെ നാല് വിക്കറ്റും നഷ്ടമായി. അതിവേഗ സെഞ്ചുറി നേടി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത പന്ത് മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്കോട്ട് ബോളണ്ട് 6 വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റാണ് ബോളണ്ട് നേടിയത്. രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, സിറാജ്, ബുംറ എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. ജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
ജസ്പ്രിത് ബുറയാണ് പരമ്പരയിലെ താരം. 10 വിക്കറ്റ് വീഴ്ത്തിയ ബോളണ്ട് കളിയിലെ താരമായി. ബാറ്റിംഗിൽ പരാജയമായ രോഹിത് ശർമ അഞ്ചാം ടെസ്റ്റിൽ നിന്ന് സ്വയം പിന്മാറി ശുഭ്മാൻ ഗിലിന് അവസരം കൊടുത്തിട്ടും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. പരമ്പരയിലുടനീളം ഒരേ രീതിയിൽ പുറത്തായ വിരാട് കോലിക്ക് ആദ്യ ടെസ്റ്റിൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കാനായത്.