വാഷിങ്ടൻ: യുഎസ് ജനപ്രതിനിധി സഭാംഗങ്ങളായി 6 ഇന്ത്യൻ വംശജർ സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമാണ് ഇത്രയേറെ ഇന്ത്യൻ വംശജർ ജനപ്രതിനിധി സഭയിലെത്തുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കാരാണ്.
തുടർച്ചയായി ഏഴാമതും അംഗമാകുന്ന ഡോ. അമി ബേരയാണ് (സെവൻത് ഡിസ്ട്രിക്ട് ഓഫ് കലിഫോർണിയ) ഇവരിൽ ഏറ്റവും മുതിർന്ന അംഗം. സുഭാഷ് സുബ്രഹ്മണ്യനാണ് (ടെൻത് ഡിസ്ട്രിക്ട് ഓഫ് വെർജീനിയ) പുതുമുഖം. റോ ഖന്ന (സെവന്റീൻത് ഡിസ്ട്രിക്ട് ഓഫ് കലിഫോർണിയ), രാജാ കൃഷ്ണമൂർത്തി (എയ്ത്ത് ഡിസ്ട്രിക്ട് ഓഫ് ഇലിനോയ്), പ്രമീള ജയപാൽ (സെവൻത് ഡിസ്ട്രിക്ട് ഓഫ് വാഷിങ്ടൻ), ഡോ. തനേഡർ (തേർട്ടീൻത് ഡിസ്ട്രിക്ട് ഓഫ് മിഷിഗൻ) എന്നിവരാണ് ‘സമോസ കോക്കസി’ലെ മറ്റ് അംഗങ്ങൾ. ഖന്ന, കൃഷ്ണമൂർത്തി, പ്രമീള എന്നിവർ തുടർച്ചയായി അഞ്ചാം തവണയാണു ജനപ്രതിനിധി സഭാംഗങ്ങളാകുന്നത്.
സ്പീക്കറായി റിപ്പബ്ലിക്കൻ പാർട്ടിയിലെ മൈക്ക് ജോൺസൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹക്കിം ജഫ്രീസാണ് ഹൗസ് മൈനോറിറ്റി നേതാവ്. ഇന്നലെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച 119–ാം യുഎസ് കോൺഗ്രസിൽ 4 ഹിന്ദു അംഗങ്ങളുണ്ട്; സുഭാഷ് സുബ്രഹ്മണ്യൻ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, ഡോ. ശ്രീ തനേഡർ എന്നിവർ. പ്രമീള ജയപാൽ മതവിശ്വാസം പ്രഖ്യാപിക്കുന്നില്ല. ഡോ. അമി ബേര ഏകത്വവാദിയാണ്. സഭയിൽ 4 മുസ്‍ലിംകളും 3 ബുദ്ധമതക്കാരുമുണ്ട്. ജൂതമതക്കാരായ 31 അംഗങ്ങളുണ്ട്. 434 അംഗ സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 219, ഡെമോക്രാറ്റിക് പാർട്ടിക്ക് 215 അംഗങ്ങളാണുള്ളത്.