ലണ്ടന്‍: ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധന് വിടവാങ്ങി. പ്രിയപ്പെട്ടവരെല്ലാം കൊച്ചങ്കിള്‍ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കന്‍ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു. കേരളത്തിന്റെ തനതു വിഭവങ്ങള്‍ തയാറാക്കി നല്കി ഈസ്റ്റ്ഹാമിലെ ‘തട്ടുകട’ എന്ന മലയാളി റസ്റ്ററന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കൊച്ചങ്കിളിന്റെ കൈപ്പുണ്യമായിരുന്നു.
കണ്ണൂര്‍ അഴീക്കോട് വളപട്ടണം സ്വദേശിയാണ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലിചെയ്തശേഷമാണ് ബ്രിട്ടനിലെത്തിയത്. ദുബായിലും പാചക വിദഗ്ദ്ധനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്കാന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂടെ മുഹമ്മദ് ഇബ്രാഹിം മുന്നിലുണ്ടായിരുന്നു.