കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയിൽ എടുത്തത്. മേപ്പാടിയിൽ ബോബിയുടെ എസ്റ്റേറ്റിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയിൽ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം.
ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകൾ. എന്നാൽ ഈ കേസിൽ ഇളവുകളൊന്നും നൽകേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നൽകിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമർശങ്ങളും നടത്തിയവർക്കെതിരെ ആയിരുന്നു.
ഇതിൽ ഉടൻ തന്നെ 30 പേർക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ കേസെടുക്കുകയും ഒരാളെ അറസ്റ്റ് െചയ്യുകയും ചെയ്ത സാഹചര്യത്തിൽ ഇതിനേക്കാൾ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയിരുന്നത് എന്നതിനാൽ നടപടി സ്വീകരിക്കാൻ പൊലീസിനു മേലും സമ്മർദ്ദമുണ്ടായിരുന്നു.