കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കുക’ (Coordinate Everything) എന്നും ഇവർക്ക് നിർദേശം നൽകി. തന്റെ അഭാവത്തിലും ഓഫിസ് പ്രവർത്തനങ്ങൾ മുടങ്ങരുതെന്നും കൃത്യമായി പ്രവർത്തിച്ചിരിക്കണമെന്നും അവർ നിർദേശം നൽകിയെന്ന് ഉമ തോമസിന്റെ സോഷ്യൽ മീഡിയ ടീം എംഎൽഎയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച സന്ദേശത്തിൽ പറഞ്ഞു. ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
‘‘അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടത്.
ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് ‘Coordinate Everything’ (എന്നു പറഞ്ഞു). തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും എംഎൽഎയുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദ്ദേശിച്ചു.