കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത സംഭവം വലിയ ആശ്വാസം തരുന്നെന്ന് നടി ഹണി റോസ്. തന്നെക്കുറിച്ച് തുടര്‍ച്ചയായി അശ്ലീല പരാമര്‍ശം നടത്തിയതിന് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിര നടി ഹണി റോസ് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചെന്നും തീര്‍ച്ചയായും വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെന്നും ഹണി റോസ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ വരുന്ന അശ്ളീല കമന്റുകള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല എന്ന് കരുതിയിടത്തുനിന്ന് ഈ അവസ്ഥയ്‌ക്കൊരു മാറ്റം ഉണ്ടാകുമെന്ന വിശ്വാസം തോന്നിത്തുടങ്ങിയെന്ന ഹണി റോസ് പ്രതികരിച്ചു.
‘ഇന്നലെ എനിക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ഒരു അവസരം ചോദിച്ചിരുന്നു. അങ്ങനെ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം പറഞ്ഞു തീര്‍ച്ചയായും വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന്. അങ്ങനെ ഒരു വാക്ക് കേള്‍ക്കുന്നത് വലിയ ആശ്വാസമാണ്. അത് കഴിഞ്ഞു ഞാന്‍ ഡിജിപി സാറിനോടുമൊക്കെ സംസാരിച്ചിരുന്നു അവര്‍ പറഞ്ഞത് വേണ്ട നടപടി ഉടനേ സ്വീകരിക്കും എന്നാണ്. അതുപോലെ തന്നെ അവര്‍ വേണ്ട നടപടി സ്വീകരിച്ചു എന്നാണു തോന്നുന്നത് അല്ലെങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു അറസ്റ്റ് ഉണ്ടാകില്ലല്ലോ.
എന്തായാലും വലിയ ആശ്വാസമാണ് എനിക്ക് മനസ്സില്‍ തോന്നുന്നത്. ഇത്രയും നാള്‍ നമ്മള്‍ വിചാരിച്ചത് സൈബര്‍ അറ്റാക്കിന് ഒരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിയില്ല എന്നായിരുന്നു. ആര്‍ക്കും എന്തും പറയാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു പക്ഷെ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോള്‍ എനിക്ക് ഉറച്ച വിശ്വാസം വരുന്നുണ്ട്.’ ഹണി റോസ് പറയുന്നു.