മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. മകനും ചലച്ചിത്ര നിർമ്മാതാവുമായ കുഷൻ നന്ദിയാണ് വാർത്ത സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
നടൻ അനുപം ഖേർ പ്രിതീഷ് നന്ദിയെ അനുസ്മരിച്ച് കൊണ്ട് വികാരനിർഭരമായ കുറിപ്പ് സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത സുഹൃത്തതായ പ്രിതീഷ് നന്ദിയുടെ വിയോഗം ഞെട്ടലും അഗാധമായ ദുഖവും ഉണ്ടാക്കുന്നതാണ്. അദ്ദേഹം ഒന്നിനെയും ഭയപ്പെടാത്ത വ്യക്തിയായിരുന്നുവെന്നും ഖേർ കുറിച്ചു.
മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിയിരുന്നു പ്രിതീഷ് നന്ദി. 1990-കളിൽ ദൂരദർശനിൽ ദ ‘പ്രിതീഷ് നന്ദി ഷോ’ എന്ന പേരിൽ ഒരു ടോക്ക് ഷോ നടത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തിൽ നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്, ചമേലി, ഹസാരോൺ ഖ്വൈഷെയിൻ ഐസി, പ്യാർ കെ സൈഡ് ഇഫക്ട്സ് തുടങ്ങിയവ അതിൽ ചിലതാണ്. അടുത്തിടെ ‘ഫോർ മോർ ഷോട്ട്സ് പ്ലീസ്’ എന്ന വെബ് സീരീസും ‘മോഡേൺ ലവ് മുംബൈ’ എന്ന ആന്തോളജി പരമ്പരയും അദ്ദേഹത്തിന്റെ കമ്പനി നിർമ്മിച്ചിരുന്നു.
ഇംഗ്ലീഷിൽ 40 ഓളം കവിതാ പുസ്തകങ്ങൾ രചിച്ചിട്ടുള്ള നന്ദി, ബംഗാളി, ഉറുദു, പഞ്ചാബി ഭാഷകളിൽ നിന്ന് കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1998-ൽ രാജ്യസഭാംഗമായ നന്ദി നാഷണൽ ടൂറിസം ബോർഡിലും പല പാർലമെന്ററി കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.