Sunday, April 20, 2025

HomeMain Storyആറു പതിറ്റാണ്ട് നീണ്ട ശബ്ദസാഗരം, 16000 ലേറെ ഗാനങ്ങൾ

ആറു പതിറ്റാണ്ട് നീണ്ട ശബ്ദസാഗരം, 16000 ലേറെ ഗാനങ്ങൾ

spot_img
spot_img

തൃശൂർ: ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ (80) വിട വാങ്ങി. തൃശൂർ അമല ആശുപത്രിയിൽ 7.54 ഓടെയായിരുന്നു അന്ത്യം.. അർബുദ ബാധിതനായി ഏറെനാളായി ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവിൽനിന്നാണ് സംഗീതത്തോടുള്ള താൽ‌പര്യം ജയചന്ദ്രനിലേക്കു പകർന്നത്. സ്കൂളിലും വീടിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയിലും ജയചന്ദ്രൻ പതിവായി പാടിയിരുന്നു.

ചേന്ദമംഗലത്തെ പാലിയം സ്കൂൾ, ആലുവ സെൻറ് മേരീസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1958 ൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം മദ്രാസിൽ ഒരു സ്വകാര്യ കമ്പനിയിൽ‌ ജോലിക്കു കയറി. ചെന്നൈയിൽ ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ പാട്ടു കേട്ട ശോഭന പരമേശ്വരൻ നായരും എ. വിൻസെന്റും അദ്ദേഹത്തെ സിനിമയിൽ പാടാൻ ക്ഷണിച്ചു. അങ്ങനെ 1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി.ഭാസ്കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടി. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ അവസരം നൽകി. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രൻ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രൻ ജോലി വിട്ട് സംഗീതരംഗത്തു തുടർന്നു.

മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments