Friday, January 10, 2025

HomeNewsKeralaപി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലം തറവാട്ട് വീട്ടില്‍

പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലം തറവാട്ട് വീട്ടില്‍

spot_img
spot_img

തൃശൂര്‍: മലയാള സംഗീതത്തിന്റെ കുലപതി ഭാവഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. വൈകുന്നേരം മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിലാണ് സംസ്‌കാരം. .മൃതദേഹം രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് രാവിലെ പത്തുമണി മുതല്‍ പന്ത്രണ്ടരവരെ സംഗീത നാടക അക്കാദമയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

വ്യാഴാഴ്ച രാത്രി ഏഴിന് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.

പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു. ആറു പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു.

കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് നിലച്ചതെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി. ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു.

അഞ്ച് പതിറ്റാണ്ടു കാലമാണ് പി. ജയചന്ദ്രന്‍ മലയാളികളെ വിസ്മയിപ്പിച്ചത്. സവിശേഷമായ ആലാപന ശൈലി ജയചന്ദ്രന് മാത്രം അവകാശപ്പെട്ടതാണ്. അത് ആര്‍ക്കും അനുകരിക്കാനാകില്ല.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കും വയോധികര്‍ക്കും മനസില്‍ സൂക്ഷിക്കാന്‍ പി. ജയചന്ദ്രന്റെ ഏതെങ്കിലുമൊരു ഗാനമുണ്ടാകും. പ്രണയം, വിരഹം, വിഷാദം, ആഹ്ളാദം, ഭക്തി, അനുതാപം, സ്വപ്നം അങ്ങനെ എത്രയെത്ര പേരറിയാത്ത ലോകത്തേക്ക് ജയചന്ദ്രന്‍ നമ്മെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. എക്കാലത്തേയും മധുര മനോഹരമാക്കിയ ശബ്ദ സാന്നിധ്യമായിരുന്നു ജയചന്ദ്രന്‍.

സംഗീതത്തെ അങ്ങേയറ്റത്തെ തീഷ്ണതയോടെ സമീപിക്കുമ്പോഴും ജീവിതത്തെ ലാഘവത്തോടെയാണ് പി. ജയചന്ദ്രന്‍ കണ്ടത്. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ഒരിക്കലും ദുഃഖിച്ചില്ല. അതിലും മികച്ചത് വരുമെന്ന അപൂര്‍വമായ ആത്മവിശ്വാസത്തോടെ ജീവിതത്തെയും ഗാനങ്ങളെയും കണ്ടു. അവസരങ്ങള്‍ക്കു വേണ്ടി നിലാപാടുകളെ മയപ്പെടുത്തുകയോ സൗഹൃദങ്ങളെ ഉപയോഗിക്കുകയോ ചെയ്തില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയതാണ് നമ്മള്‍ കേള്‍ക്കുന്ന ജയചന്ദ്ര സംഗീതം.

ജയേട്ടന്‍ എന്ന സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കാവുന്ന ആത്മബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. പി. ജയചന്ദ്രന്‍ മറയുമ്പോഴും ആ പ്രതിഭാസം സൃഷ്ടിച്ച അഗാധമായ ശബ്ദസാഗരം നമുക്ക് ചുറ്റും എപ്പോഴുമുണ്ടാകും. അത് വരും തലമുറകളെയും പ്രചോദിപ്പിക്കും. ജയേട്ടന് വിടയെന്നു പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. .

മലയാളികളുടെ മനസില്‍ പതിഞ്ഞ പി ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ക്ക് ഒരിക്കലും മരണമില്ലായെന്ന് മന്ത്രി കെബി. ഗണേഷ് കുമാര്‍. എത്ര എത്ര ഭാവഗാനങ്ങളാണ് നമ്മള്‍ ഏറ്റുപാടിയത്, ഇപ്പോഴും ഏറ്റുപാടുന്നത്. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും കൂട്ടായി നിന്ന ശബ്ദമാധുര്യം. എവിടെയും എപ്പോഴും പറയാനുള്ള കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന നിലപാടുള്ള ഒരു ഗായകനെയാണ് നമുക്ക് നഷ്ടമായത്. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി.ജയചന്ദ്രന്റേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത പി.ജയചന്ദ്രന്റെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവത്ത ഒന്നാണന്ന് മന്ത്രി വിഎന്‍ വാസവന്‍. മലയാളികള്‍ക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും സന്തോഷത്തിന്റെയും വൈകാരിക വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. പി. ജയചന്ദ്രന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ് മലയാളികള്‍ക്ക്. എല്ലാ സംഗീതപ്രേമികളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തില്‍ 5 ഭാഷകളിലായി പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് പി. ജയചന്ദ്രന്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments