വാഷിംഗ്ടണ്‍: ആര്‍ടിക് ദ്വീപായ ഗ്രീന്‍ലാന്‍ഡില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാന്‍ നീക്കമില്ലെന്ന് യുഎസ് എംബസി അറിയിച്ചു. ഗ്രീന്‍ലാന്‍ഡില്‍ യുഎസ് നിയന്ത്രണം തന്ത്രപരമായി അനിവാര്യമാണെന്നും അതിനായി ആവശ്യമെങ്കില്‍ സൈനിക, സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നും യുഎസ് പ്രസിഡന്റായി 20നു ചുമതലയേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.
600 വര്‍ഷമായി ഡെന്മാര്‍ക്കിന്റെ ഭാഗമായുള്ള ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡില്‍ യുഎസിന് സ്ഥിരം സൈനിക താവളമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റെ ഭാഗമാണെന്നതില്‍ തര്‍ക്കമില്ലെന്നും അവിടെ റഷ്യന്‍, ചൈനീസ് സ്വാധീനം വര്‍ധിച്ചുവരുന്നതിയാണ് താന്‍ എതിര്‍ക്കുന്നതെന്നും ട്രംപ് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
ഇതേസമയം, ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സന്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കന്മാരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ഗ്രീന്‍ലാന്‍ഡ് നേതാവ് മ്യൂട്ട് എഗഡെയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും ചര്‍ച്ച നടത്തി. ട്രംപിന്റെ പ്രസ്താവനയെ ജര്‍മനിയും ഫ്രാന്‍സും വിമര്‍ശിച്ചു.