ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ നേതാവിനെ ഭരണകക്ഷിയായ ലിബറൽ പാർട്ടി മാർച്ച് ഒമ്പതിന് പ്രഖ്യാപിക്കും. അതുവരെ ട്രൂഡോ പ്രധാനമന്ത്രിയായി തുടരും. മുൻ സെൻട്രൽ ബാങ്ക് മേധാവി മാർക്ക് കാർണിയും മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡുമാണ് പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരരംഗത്തുള്ള പ്രധാനികൾ.
അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് കഴിഞ്ഞമാസം മന്ത്രിസഭയിൽനിന്ന് രാജിവെച്ചതാണ് ട്രൂഡോയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. അതിനിടെ എം.പിയും ഇന്ത്യൻ വംശജനുമായ ചന്ദ്ര ആര്യയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒാട്ടവ എം.പിയായ ആര്യ കർണാടകയിൽ ജനിച്ചയാളാണ്. രാജ്യത്തെ പരമാധികാര റിപ്പബ്ലിക്കാക്കുമെന്നും വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്നും പൗരത്വ അധിഷ്ഠിത നികുതി സമ്പ്രദായം ഏർപ്പെടുത്തുമെന്നും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നുമാണ് ആര്യയുടെ വാഗ്ദാനം. രാജ്യവ്യാപകമായ പ്രക്രിയക്കു ശേഷം മാർച്ച് ഒമ്പതിന് പുതിയ നേതാവിനെ പ്രഖ്യാപിക്കുമെന്ന് ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്റ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത ലിബറൽ പാർട്ടി നേതാവ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം ഭരിക്കുന്ന പ്രധാനമന്ത്രിയായിരിക്കും. മാർച്ച് 24നാണ് പാർലമെന്റ് ചേരുന്നത്.