എ.എസ് ശ്രീകുമാര്‍
കൊച്ചി: കേരളത്തിലെ മാധ്യമ കുലപതികളും, മാധ്യമ പ്രവര്‍ത്തനം അഭിനിവേശമാക്കിയ അമേരിക്കയിലെ മലയാളി മാധ്യമ സ്‌നേഹികളും സമ്മോഹനമായി സംഗമിച്ച ധന്യവേദിയില്‍ വച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) 8-ാമത് മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികളെയും നിറഞ്ഞ സദസിനെയും സാക്ഷിനിര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഈയിടെ അന്തരിച്ച പ്രമുഖ വ്യക്തിത്വങ്ങളായ അനുഗ്രഹീത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍, ഇഷ്ട ഗായകന്‍ പി ജയചന്ദ്രന്‍, പത്രപ്രവര്‍ത്തന മേഖലയിലെ സിംഹങ്ങളായിരുന്ന ബി.ആര്‍.പി ഭാസ്‌കര്‍, എസ് ജയചന്ദ്രന്‍ നായര്‍, പ്രതീഷ് നന്ദി എന്നിവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടായിരുന്നു സമ്മേളനം ആരംഭിച്ചത്. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ഡി പ്രമേഷ് കുമാര്‍ അനുശോചന സന്ദേശം വായിച്ചു. ഐ.പി.സി.എന്‍.എ നാഷനല്‍ സെക്രട്ടറി ഷിജോ പൗലോസ് സ്വാഗതം ആശംസിച്ചു.
പ്രകാശ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലത്ത് ജനാധിപത്യവും മാധ്യമരംഗവും വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഏകാധിപതികളായ ലോക നേതാക്കള്‍ മാധ്യമങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എല്ലാവരും ശ്രദ്ധയോടെ കരുതിയിരിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഔദ്യോഗിക മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയക്ക് വഴിമാറി, അത് പിന്നീട് ക്ലൗഡ് മീഡിയക്കും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനും വഴിമാറി. ചെറുത്തുനില്‍ക്കുന്ന വരെ ഇല്ലാത്താക്കാനും അവരുടെ ഔദ്യോഗിക ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിറന്ന നാടുമായുള്ള വേരുകള്‍ വിസ്മരിക്കാതെ കടലുകള്‍ക്കപ്പുറം ജീവിച്ചുകൊണ്ട് കേരളത്തെ നെഞ്ചേറ്റുന്ന ഐ.പി.സി.എന്‍.എയെ നന്ദിയോടെ സ്മരിക്കുന്നുവെന്നും ഒപ്പം മാധ്യമ അവാര്‍ഡുകള്‍ നേടിവരെ അഭിനന്ദിക്കുന്നുവെന്നും വി.ഡി. സതീശന്‍ ആശംസിച്ചു.
ഈ സമ്മേളനത്തിലെ ഹൈസൈറ്റ് ആയ മാധ്യമ ശ്രീ പുരസ്‌കാരം ടെലിവിഷന്‍ രംഗത്തെ അതികായനും ജനപ്രിയ അവതാരകനും മുന്‍ റേഡിയോ പ്രക്ഷേപകനും അധ്യാപകനും 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്‌ളവേഴ്‌സ് ടി.വി ഡറക്ടറുമായ ആര്‍ ശ്രീകണ്ഠന്‍നായര്‍ക്ക് അധ്യാപകനും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ.വി തോമസ് സമ്മാനിച്ചു.
വിലയേറിയ ഈ അവാര്‍ഡ് സ്‌നേഹപൂര്‍വം സ്വീകരിക്കുന്നതിലൂടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെയും അവരുടെ ജന്മനാടിനോടുള്ള സ്‌നേഹത്തേയും വിലമതിക്കുകയും ആദരിക്കുകയുമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കേരളത്തിന്റെ ശക്തിയാണെന്നും നാട്ടില്‍ ഒരു കരിയില അനങ്ങിയാന്‍ പോലും അവര്‍ ജാഗ്രതയോടെ ഉറ്റുനോക്കുന്നവരും സഹായവുമായി ഓടിയെത്തുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.സി.എന്‍.എ അവാര്‍ഡ് ചിലര്‍ ബഹിഷ്‌കരിച്ചതായി അറിഞ്ഞെന്നും അത് ഈ ഈടുറ്റ സംഘടനയുടെ അധ്വാനത്തേയും സ്‌നേഹത്തേയും കണ്ടില്ലെന്നു നടിക്കുന്നതിനു തുല്യമാണെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. നാല് പതിറ്റാണ്ടിന്റെ മാധ്യമ പ്രവര്‍ത്തന പരിചയത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ഇത് തന്റെ ഒരു എളിയ ഉപദേശമായി സ്വീകരിക്കണമെന്നും താത്പര്യമില്ലാത്തവര്‍ക്ക് പുച്ഛിച്ച് തള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ഫ്‌ളവേഴ്‌സ് ടി.വിയുടെ ചാരിറ്റി വിങ്ങിലേയ്ക്ക് കൈമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍മരംഗത്ത് ശോഭിക്കുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതോടൊപ്പം അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജന്‍മഭൂമിയുമായുള്ള പൊക്കില്‍കൊടി ബന്ധം നിലനിര്‍ത്താനും വേണ്ടിയാണ് ഐ.പി.സി.എന്‍.എ ഈ പുരസ്‌കാര സന്ധ്യകള്‍ സംഘടിപ്പിക്കുന്നത് എന്ന് ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ ഐ.പി.സി.എന്‍.എ നാഷനല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. പത്രങ്ങള്‍ക്ക് പുറമെ ടെലിവിഷന്‍, ഓണ്‍ലൈന്‍, റേഡിയോ, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകം പുരസ്‌കാരം നല്‍കുന്നത് ഇക്കൊല്ലത്തെ അവാര്‍ഡുകളുടെ സവിശേഷത ആണെന്നും മാധ്യമങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് പുതിയ തീരുമാനമാണെന്നും സുനില്‍ ട്രൈസ്റ്റാര്‍ വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ടിന്റെ ദീപ്തമായ പ്രവര്‍ത്തന പാരമ്പര്യമുള്ള ഐ.പി.സി.എന്‍.എ മലയാളികളായ മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന എട്ടാമത്തെ അവാര്‍ഡ് ദാന ചടങ്ങാണിതെന്നും മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും അമേരിക്കയില്‍ വരാനും ആ സംസ്‌കാരത്തെ അറിയാനും അവസരമൊരുക്കുന്ന വേദിയാണ് ഐ.പി.സി.എന്‍.എ എന്നും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ഐ.പി.സി.എന്‍.എയുടെ മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായ സുനില്‍ തൈമറ്റം പറഞ്ഞു.
ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, മാണി സി കാപ്പന്‍, റ്റി.ജെ വിനോദ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഡാ. ജോര്‍ജ് മരങ്ങോലി-(എഡിറ്റര്‍ പ്രഭാതം-വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം), പേഴ്സി ജോസഫ് (ഡയറക്ടര്‍-ക്രീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പോസ്റ്റ് പ്രൊഡക്ഷന്‍-ഏഷ്യാനെറ്റ്), എന്‍.പി ചന്ദ്രശേഖരന്‍ (കണ്‍സള്‍റ്റന്റ്, ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്-കൈരളി ടി.വി, പി ശ്രീകുമാര്‍ (ഓണ്‍ലൈന്‍ എഡിറ്റര്‍-ജന്മഭൂമി), അനില്‍ നമ്പ്യാര്‍ (എക്‌സിക്യൂട്ടിവ് എഡിറ്റര്‍-ജനം ടി.വി), ദ ഐഡത്തിന്റെ ചീഫ് എഡിറ്റര്‍ സി. എല്‍. തോമസ് (ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ്-കേരള മീഡിയ അക്കാദമി), വിശിഷ്ട പുരസ്‌കാരം-ആര്‍.എസ്. ബാബു (കേരള മീഡിയ അക്കാദമി ചെയര്‍മാന്‍) എന്നിവര്‍ പയനിയര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
രഞ്ജിത് രാമചന്ദ്രന്‍ (ന്യൂസ് 18, മികച്ച വാര്‍ത്താ അവതാരകന്‍ ), ടോം കുര്യാക്കോസ് (മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്-ന്യൂസ് 18), സിന്ധുകുമാര്‍ (മികച്ച ന്യൂസ് ക്യാമറമാന്‍-മനോരമ ന്യൂസ്), ലിബിന്‍ ബാഹുലേയന്‍ (മികച്ച ന്യൂസ് വിഡിയോ എഡിറ്റര്‍-എഷ്യാനെറ്റ് ന്യൂസ്), സെര്‍ജോ വിജയരാജ്, സ്റ്റാര്‍ സിങ്ങര്‍ (മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും-ഏഷ്യാനെറ്റ്), ഷില്ലര്‍ സ്റ്റീഫന്‍ (മികച്ച പത്ര റിപ്പോര്‍ട്ടര്‍-മലയാള മനോരമ), അജി പുഷ്‌കര്‍ (മികച്ച ടെക്‌നിക്കല്‍ ക്രിയേറ്റിവ്-റിപ്പോര്‍ട്ടര്‍ ടി.വി), എന്‍.ആര്‍ സുധര്‍മദാസ് (മികച്ച പത്ര ഫൊട്ടോഗ്രഫര്‍-കേരളകൌമുദി), അമൃത എ.യു (സീനിയര്‍ കണ്ടന്റ് റൈറ്റര്‍-മാതൃഭൂമി ഓണ്‍ലൈന്‍), ഗോകുല്‍ വേണുഗോപാല്‍ ( ബെസ്റ്റ് അപ് കമ്മിങ് ജേര്‍ണലിസ്റ്റ് -ജനം ടി.വി), ആര്‍.ജെ ഫസ് ലു (മികച്ച റേഡിയോ ജേര്‍ണലിസ്റ്റ്, ജോക്കി-എ.ആര്‍.എന്‍ ന്യൂസ്, ഹിറ്റ് എഫ്.എം ദുബായ്), മികച്ച പ്രസ് ക്ലബ് തിരുവനന്തപുരം, ബി. അഭിജിത് (സ്‌പെഷല്‍ ജൂറി അവാര്‍ഡ്-എ.സി.വി ഹെഡ്), രാജേഷ് ആര്‍ നായര്‍ (സ്‌പെഷല്‍ ജൂറി അവാര്‍ഡ്-പ്രൊഡ്യൂസര്‍ ഫ്‌ളവേഴ്‌സ് ടി.വി) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
മുന്‍ ദൂരദര്‍ശന്‍ പ്രോഗ്രാം മേധാവി ജി സാജന്‍ (ജൂറി), മാധ്യമപ്രവര്‍ത്തകരായ ആര്‍. എസ് . ബാബു, ജോണി ലൂക്കോസ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ഐ.പി.സി.എന്‍.എ നാഷണല്‍ ട്രഷറര്‍ വിശാഖ് ചെറിയാന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം, പ്രസിഡന്റ് ഇലക്ട് 2026-27 രാജുപള്ളത്ത്, ഐ.പി.സി.എന്‍.എ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര, നോര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വളാച്ചരില്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കാട്ട്, ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, എന്‍.ആര്‍.ഐ ചീഫ് എഡിറ്റര്‍ ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് മണക്കു,േ പോള്‍ കറുകപ്പള്ളി, അനിയന്‍ ജോര്‍ജ്, ഷാജി രാമപുരം, ബിജു മുണ്ടക്കല്‍, ഫിലിപ്പോസ് ഫിലിപ്, സിജില്‍ പാലക്കലോടി, വെസ്റ്റ് ഇംഗ്ലണ്ട് മേയര്‍ ജോ ആദിത്യ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഐ.പി.സി.എന്‍.എ പുരസ്‌കാരങ്ങളുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ സാജ് ഏര്‍ത് ഗ്രൂപ്പിന്റെ സാജന്‍-മിനി സാജന്‍ (പ്ലാറ്റിനം ഇവന്റ്), എലീറ്റ് സ്‌പോണ്‌സര്‍മാരായ വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, ജോയ് നേടിയകാലയില്‍ര്‍ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റലിന്റെ ഫാ. സിജോ, ബെറാക എലൈറ്റ് എഡ്യൂക്കേഷന്റ റാണി തോമസ്, ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ നോഹ ജോര്‍ജ് ഗ്ലോബല്‍ കൊളിഷന്‍, ജോണ്‍ പി ജോണ്‍ കാനഡ, ദിലീപ് വര്ഗീസ്, അനിയന്‍ ജോര്‍ജ്, സില്‍വര്‍ സ്‌പോണ്‌സര്‍മാരായ സജിമോന്‍ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോര്‍ജ് എന്നിവരും, ജോണ്‍സന്‍ ജോര്‍ജ്, വിജി എബ്രഹാം എന്നിവര്‍ ബ്രോണ്‍സ് സ്‌പോണ്‍സര്‍മാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജിജു കുളങ്ങര (ജേര്‍ണലിസം സ്റ്റുഡന്റസ് സപ്പോര്‍ട്ട്) എന്നിവരും പൂരസ്‌കാര സന്ധ്യയില്‍ സന്നിഹിതരായിരുന്നു.