അനംബ്ര: തെക്കു കിഴക്കന്‍ നൈജീരിയയില്‍ നിന്ന് സായുധ ധാരികള്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി. അനംബ്ര സ്റ്റേറ്റിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി മദര്‍ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്സ്) സന്യാസ സമൂഹത്തിലെ അംഗങ്ങളെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ജനുവരി ഏഴിന് വൈകുന്നേരമാണ് സംഭവം. ഉഫുമയിലെ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ഹീറി മെമ്മോറിയല്‍ മോഡല്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിന്‍സെന്‍ഷ്യ മരിയ, നെവിയിലെ ഇമ്മാക്കുലേറ്റ ഗേള്‍സ് മോഡല്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്.
ഒഗ്ബോജിയിലെ വൊക്കേഷണല്‍ അസോസിയേഷന്റെ മീറ്റിംഗില്‍ പങ്കെടുത്ത് മടങ്ങവെ ഉഫുമ റോഡില്‍ എത്തിയപ്പോള്‍ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യാസ്ത്രീകളെ കണ്ടെത്താനും മോചിപ്പിക്കാനും ഇടപെടല്‍ ആരംഭിച്ചതായി നൈജീരിയന്‍ പോലീസ് അറിയിച്ചു. പോലീസ് കമ്മീഷണര്‍ നനാഗെ ഇറ്റവും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു.
മോഷണം, ആക്രമണങ്ങള്‍, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവയുമായി നൈജീരിയയിലെ സാധാരണക്കാര്‍ പോരാടുകയാണ്. തട്ടിക്കൊണ്ടുപോകലിനും നരഹത്യയ്ക്കു ഇരയാകുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. ഭീകര സംഘടനയായ ബോക്കോ ഹറാം 2009 മുതല്‍ രാജ്യത്ത് കനത്ത വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്.